മെമ്മറികാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം; ഹൈക്കോടതി വിധിയില്‍ ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു.ജില്ലാ സെഷന്‍സ് ജഡ്ജി വസ്തുതാന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി വിധിച്ചത്. അതിജീവിതയുടെ ഹര്‍ജിയിലാണ് ഉത്തരവ്. വിധി നടന്‍ ദിലീപിന് തിരിച്ചടിയാണ്. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

മെമ്മറികാര്‍ഡിലെ ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജി അന്വേഷിക്കണം. അന്വേഷണത്തില്‍ ആവശ്യമെങ്കില്‍ പോലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടാം. പരാതി ഉണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തില്‍ കുറ്റംതെളിഞ്ഞാല്‍ ക്രിമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മെമ്മറികാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയത് ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹര്‍ജിയാണ് ഹൈക്കോടതി അംഗീകരിച്ചത്.

വിവിധ തീയതികളില്‍ മെമ്മറികാര്‍ഡിലെ ഹാഷ് വാല്യു മാറിയിട്ടുള്ളതായി ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2018 ജനുവരി 9, ഡിസംബര്‍ 13, 2021 ജൂലൈ ദിവസങ്ങളില്‍ ഹാഷ് വാല്യു മാറിയതായാണ് കണ്ടെത്തിയത്. മെമ്മറികാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

spot_img

Related Articles

Latest news