ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പില്‍ ബിജെപി പകല്‍വെളിച്ചത്തില്‍ തട്ടിപ്പ് നടത്തിയ രീതി അങ്ങേയറ്റം ആശങ്കാജനകമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാള്.മേയർ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇത്രയും കളിക്കാൻ കഴിയുമെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു മേയർ തെരഞ്ഞെടുപ്പില്‍ ഇത്തരക്കാർക്ക് ഇത്രയും തരംതാഴാൻ കഴിയുമെങ്കില്‍, അവർക്ക് രാജ്യത്തെ തെരഞ്ഞെടുപ്പില്‍ ഏതറ്റം വരെയും പോകാനാകും. ഇത് വളരെ ആശങ്കാജനകമാണ്’ -കെജ്രിവാള് എക്സില്‍ കുറിച്ചു.
35 അംഗ കോർപറേഷനില്‍ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോണ്‍ഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗണ്‍സിലർമാരാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാല്‍, എ.എ.പിയുടെ കുല്‍ദീപ് കുമാറിനെ തോല്പിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോള്‍ കുല്‍ദീപ് കുമാറിന് ലഭിച്ചത് 12 വോട്ടാണ്. എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനില്‍ മസീഹ് അസാധുവായി പ്രഖ്യാപിച്ചതാണ് നിർണായകമായത്.
ജനുവരി 18ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫിസറുടെ അസുഖം പറഞ്ഞ് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ട പഞ്ചാബ്-ഹരിയാന ഹൈകോടതി തെരഞ്ഞെടുപ്പ് ജനുവരി 30ന് മുമ്പ് നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.