ബജറ്റ് അവഗണനയ്ക്കും ശമ്പള നിഷേധത്തിനും എതിരെ ഫെബ്രുവരി 12ന് വിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ ഓഫീസിന് മുൻപിലും തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുകള്‍ക്ക് മുൻപിലും തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സ്കൂള്‍ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി മോഹനൻ അറിയിച്ചു.തങ്ങളുടെ മൂന്നാമത്തെ ബജറ്റിലും സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ഒരു രൂപ പോലും നീക്കി വെക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയില്‍ യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ഓരോ വർഷത്തെ ബജറ്റിലും ചെറിയ വേതന വർദ്ധനവ് നല്‍കുക എന്നതായിരുന്നു മുൻ സർക്കാരുകളുടെ കീഴ് വഴക്കം.ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം, ജോലി ചെയ്തതിന്റെ തൊട്ടടുത്ത മാസം വേതനം നല്‍കുന്ന രീതി അവസാനിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം ലഭിക്കാത്തതിനാല്‍ പാചക തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണിപ്പോള്‍.
എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, തുടങ്ങിയ പ്രമുഖ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളിലെ സമരം ഉദ്ഘാടനം ചെയ്യും.വി കെ ലതിക അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി ജി മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി പ്രദീപ്, അലീസ് തങ്കച്ചൻ, ബാബു ചിങ്ങാരത്ത്, അനിത അപ്പുകുട്ടൻ, മുകേഷ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.