തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം. മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി ജി.ആർ.അനിലും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള അരി എഫ് സി ഐയിൽ നിന്ന് സപ്ലൈകോ അടിയന്തരമായി സംഭരിക്കണം. അരിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സ്കൂളുകളിൽ ആയത് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കുത്തരി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുന്നതിനായുള്ള അനുമതിയ്ക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകുവാനും യോഗം തീരുമാനിച്ചു. മന്ത്രിമാർക്ക് പുറമേ പൊതുവിദ്യാഭ്യാസ, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.