ലോകസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പട്ടിക പ്രഖ്യാപിച്ചത്.അഞ്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ മുതിർന്ന നേതാക്കളെയാണ് സിപിഎം കളത്തിലറക്കുന്നത്. സിപിഎം പ്രഖ്യാപിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ജനവിധി തേടും.
15 മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സിപിഎം പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തോടെയാണ് പതിനഞ്ച് ലോക്സഭാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രഖ്യാപിച്ചത്. പൊതു സ്വതന്ത്രരില്ല, എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും. ബിജെപി വിരുദ്ധ മുന്നണി രാജ്യത്ത് രൂപപ്പെട്ടു കഴിഞ്ഞെന്നും അതിനെ ശക്തിപ്പെടുത്തുകയാണ് സിപിഎം ലക്ഷ്യമെന്നും എം വി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്കിനെയും ആലത്തൂരില്‍ കെ രാധാകൃഷ്ണനെയും പാലക്കാട്ട് എ വിജയരാഘവനെയും കോഴിക്കോട്ട് എളമരം കരീമിനെയും വടകരയില്‍ കെ കെ ശൈലജയെയും കണ്ണൂരില്‍ എം വി ജയരാജനെയും അവതരിപ്പിക്കുന്നതിലൂടെ, കഴിഞ്ഞ തവണ കൈവിട്ട കേരളം എന്തുവില കൊടുത്തും പിടിക്കാനുറപ്പിച്ചാണ് സിപിഎം തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
കൊല്ലത്ത് നിലവിലെ എംഎല്‍എ തുടർച്ചയായി രണ്ടു തവണ കൊല്ലത്തുനിന്ന് നിയമസഭയിലെത്തിയ മുകേഷിന്റെ ജനസ്വീകാര്യത ലോക്സഭയിലും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം.
ആലപ്പുഴയില്‍ നിലവിലെ എംപി എ എം ആരിഫും ഇടുക്കിയില്‍ ജോയ്സ് ജോർജും ആറ്റിങ്ങലില്‍ വി ജോയിയും മത്സരിക്കും. എറണാകുളത്ത് പുതുമുഖമായ കെ ജെ ഷൈനെ അവതരിപ്പിക്കുകയാണ് സിപിഎം. നിലവില്‍ എറണാകുളത്ത് കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് ഹൈബി ഈഡൻ ഉള്ളപ്പോഴാണ് ഒരു പ്രാദേശിക നേതാവിനെ സിപിഎം അവതരിപ്പിക്കുന്നത്. സിപിഎം അധ്യാപക സംഘടനയായ കെഎസിഎ നേതാവായ ഷൈൻ വടക്കൻ പറവൂർ മുനിസിപ്പല്‍ കോർപറേഷൻ അംഗവുമാണ്.പൊന്നാനിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ പേര് കേട്ടിരുന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി കെഎസ് ഹംസയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ഹംസയെ ലീഗില്‍നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. വസീഫ് മലപ്പുറത്ത് ജനവിധി തേടും.
ചാലക്കുടിയില്‍ സി രവീന്ദ്രനാഥും കാസർഗോഡ് എം വി ബാലകൃഷ്ണനും മത്സരിക്കും. പതിനഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതില്‍ രണ്ട് സ്ത്രീകള്‍ മാത്രമാണുള്ളത്. വടകരയില്‍ കേന്ദ്ര കമ്മിറ്റി അംഗം കൈ ശൈലജയും എറണാകുളത്ത് കെ ജെ ഷൈനും.
അതേസമയം സിപിഐയും കഴിഞ്ഞ ദിവസം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് സ്ഥാനാർഥി പട്ടികയില്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.