കൊച്ചി: മാത്യു കുഴല്നാടൻ എംഎല്‍എയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റില്‍. കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്ക്കുന്നു. കോതമംഗലത്തെ സമരത്തില്‍ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതേസമയം, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉഫവാസ പന്തലിലെത്തി. എല്‍ദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ ഉപവാസം തുടരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴല്നാടൻ എംഎല്‍എ, ഡീൻ കുര്യാക്കോസ് എംപി എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെയാണ് കേസ് എടുത്തത്.
ആശുപത്രിയില്‍ അക്രമം നടത്തല്‍, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴല്നാടൻ എംഎല്‍എ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തില്‍ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടയുകയും പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു.
നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടുപോയത് തെറ്റായ നടപടിയെന്നാണ് മന്ത്രി പി രാജീവ് പ്രതികരിച്ചത്.ഫെന്‍സിങ് സ്ഥാപിച്ചിരുന്നെങ്കില് ഇന്ദിരയുടെ ജീവന് നഷ്ടമാകില്ലായിരുന്നുവെന്നാണ് മാത്യു കുഴല്നാടന് സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചത്. സിപിഐഎം ഇന്ദിരയുടെ മൃതദേഹത്തോട് ധാര്‍ഷ്ഠ്യം കാണിച്ചെന്നും മാത്യു കുഴല്നാടന് ആരോപിച്ചു. കഴിവുകെട്ട സര്‍ക്കാരും വനം വകുപ്പുമാണ് ഇന്ദിര രാമകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികളെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പ്രതികരിച്ചു.