ബാങ്കോക്ക്: സൈനിക അട്ടിമറിക്കെതിരേ മ്യാൻമറിൽ നടക്കുന്ന പ്രതിഷേധങ്ങൾ സംഘർഷങ്ങളിലേക്ക് വഴിമാറുന്നു. പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാണ്ഡലെയിലായിരുന്നു പ്രതിഷേധം. സൈനിക ഭരണകൂടത്തിനെതിരേ പ്രതിഷേധവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങുന്നത്. ഫെബ്രുവരി ഒന്നിനാണ് ആങ് സാങ് സ്യൂകിയുടെ സർക്കാരിനെ അട്ടിമറിച്ച് സൈന്യം വീണ്ടും മ്യാൻമറിൽ അധികാരം പിടിച്ചത്. തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമായും പ്രതിഷേധങ്ങൾ നടക്കുന്നത്.