മരിച്ചെന്നു കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പവിത്രൻ ജീവിതത്തിലേക്ക്

കണ്ണൂർ: മരിച്ചെന്നു കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ അറുപത്തേഴുകാരൻ ജീവിതത്തിലേക്ക്.കണ്ണൂർ പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രനാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയത്.മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ പവിത്രൻ മരിച്ചെന്നായിരുന്നു ബന്ധുക്കള്‍ കരുതിയത്. മാധ്യമങ്ങള്‍ക്ക് മരണവാർത്തയും നല്‍കി ഇന്നലെ രാവിലെ 10 മണിക്ക് കൂത്തുപറമ്പില്‍ സംസ്കാരം നടത്താനും നിശ്ചയിച്ചു. രാത്രിയില്‍ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിക്കാനായി തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

മംഗളൂരുവിലെ ആശുപത്രിയില്‍നിന്നു വൈകിട്ട് പുറപ്പെട്ട ആംബുലൻസ് 5 മണിക്കൂറിനു ശേഷമാണു കണ്ണൂരിലെത്തിയത്. കണ്ണൂർ എകെജി ആശുപത്രിയിലെ മോർച്ചറിയില്‍ ‘മൃതദേഹം’ രാത്രിയില്‍ സൂക്ഷിച്ച ശേഷം രാവിലെ വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ബന്ധുക്കളുടെ തീരുമാനം. മോർച്ചറിയിലേക്കു മാറ്റുമ്പോള്‍ പവിത്രന്റെ കൈ അനങ്ങുന്നതായി ഇലക്‌ട്രിഷ്യൻ അനൂപിനും നൈറ്റ് സൂപ്പർവൈസർ ആർ.ജയനും തോന്നി. നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടൻ അത്യാഹിത വിഭാഗത്തിലെത്തിച്ചു. സ്പെഷലിസ്റ്റ് ഡോക്ടർമാരെ അടിയന്തരമായി വിളിച്ചുവരുത്തി. നേരം വെളുത്തപ്പോഴേക്കും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ബോധം വന്നെന്നും കണ്ണുതുറന്നു തന്നെ നോക്കിയെന്നും ഭാര്യ സുധ പറഞ്ഞു.

ശ്വാസംമുട്ടലിന് കൂത്തുപറമ്പിലെയും തലശ്ശേരിയിലെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പവിത്രനെ രോഗം മൂർച്ഛിച്ചതോടെയാണ് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസില്‍ ഞായറാഴ്ച മംഗളൂരുവിലേക്കു കൊണ്ടുപോയത്. അവിടെ 2 ആശുപത്രികളിലായി വൻതുക മരുന്നിനും ചികിത്സയ്ക്കുമായി അടച്ചു. യുപിഐ പരിധി കഴിഞ്ഞതോടെ പിന്നീട് ബില്‍ അടയ്ക്കാൻ പറ്റാതായി. അടുത്ത ദിവസം അടച്ചാല്‍ മതിയോ എന്നു ചോദിച്ചെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ല.

വെന്റിലേറ്ററില്‍ തുടരാനുള്ള തുക അടയ്ക്കാനാകാതെ വന്നതോടെയാണു തിരികെപ്പോരാൻ തീരുമാനിച്ചത്. വെന്റിലേറ്ററില്‍നിന്നു മാറ്റിയാല്‍ 10 മിനിറ്റിനകം മരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സാധാരണ ആംബുലൻസിലായിരുന്നു മടക്കം. വഴിയില്‍ ഏതെങ്കിലും ആശുപത്രിയില്‍ കാണിച്ച്‌ മരണ സർട്ടിഫിക്കറ്റ് വാങ്ങാൻ മംഗളൂരുവിലെ ആശുപത്രി അധികൃതർ നിർദേശിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.ഗള്‍ഫിലായിരുന്ന പവിത്രൻ ഏതാനും വർഷം മുൻപാണ് നാട്ടിലെത്തിയത്. പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുഭാഗത്തിനു സ്വാധീനക്കുറവുണ്ട്.

spot_img

Related Articles

Latest news