ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിൻ്റെ പ്രകടനപത്രിക പുറത്തിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. പ്രകടനപത്രിയില്‍ സ്ത്രീകള്‍ക്കും വിദ്യാർത്ഥികള്‍ക്കും പുറമെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം തുടങ്ങി നിരവധി പ്രഖ്യാപനങ്ങളുണ്ട്.അധികാരത്തിലെത്തിയാല്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ജനക്ഷേമ പദ്ധതികളിലൂടെ വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും 25 ലക്ഷത്തിൻ്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസും നല്‍കും. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ, 500 രൂപക്ക് ഗ്യാസ് സിലിണ്ടർ, സൗജന്യ റേഷൻ കിറ്റ്, 300 യൂണിറ്റ് സൗജന്യ വൈദ്യുതി,കൂടാതെ 5 കിലോ അരി, 2 കിലോ പഞ്ചസാര, 1 കിലോ പാചക എണ്ണ, 6 കിലോ പരിപ്പ്, 250 ഗ്രാം ചായപ്പൊടി എന്നിവ ഉള്‍പ്പെടുന്ന സൗജന്യ റേഷന്‍ കിറ്റും പ്രകടന പത്രികയില്‍ പറയുന്നുണ്ട്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജാതി സര്‍വേ നടത്തുന്നതിനു തീരുമാനമെടുക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. ക്രീമിലെയര്‍ നിശ്ചയിക്കുന്നതിനുള്ള വരുമാന പരിധി പ്രതിവര്‍ഷം 12 ലക്ഷം രൂപയായി ഉയര്‍ത്തും. ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി യുപിഎയുടെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നുള്ള 15 പ്രധാന ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

അതേസമയം ബിജെപിക്കായി പ്രചരണത്തിന് പ്രധാനമന്ത്രിയെത്തി. ഡല്‍ഹിയില്‍ ബിജെപി വരുമെന്നും ആം ആദ്മിയെ ഡല്‍ഹിയില്‍ നിന്ന് പുറംതള്ളണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ ജലവിതരണം തടസ്സപ്പെടുത്താൻ ഹരിയാന നദിയില്‍ വിഷം കലർത്തിയെന്ന കെജ്‌രിവാളിന്റെ ആരോപണം രാജ്യത്തിന് തന്നെ അപമാനമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.ഫെബ്രുവരി 5നാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

spot_img

Related Articles

Latest news