കത്തിക്കാളുന്ന കുംഭച്ചൂടിൽ ജനങ്ങൾ നാവു നനയ്ക്കാന്‍ കുടിവെള്ളം തേടി അലയേണ്ട അവസ്ഥയാണ് സംജാതമാവുന്നത്. കനത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്, അതി കഠിനമായ വേനലാണ് നമ്മളെ കാത്തിരിക്കുന്നത്. കുംഭത്തില്‍ എത്തുന്ന വേനല്‍ മഴ കൂടി ചതിച്ചതോടെ കര്‍ഷകരുടെ സ്വപ്നങ്ങളും പൊലിയാന്‍ തുടങ്ങി.
വേനലിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ കൃഷികള്‍ വ്യാപകമായി ഉണങ്ങി. കുടിവെള്ള സ്രോതസുകള്‍ പലതും അപ്രത്യക്ഷമായി. ഉയര്‍ന്ന പ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ കുടിനീരിനായി പരക്കം പായുകയാണ്. പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതായിട്ട് ആഴ്ചകളായി. എന്നാല്‍ നടപടി എടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഭൂരിഭാഗം പ്രദേശങ്ങളിലും പൈപ്പ് കണക്ഷന് ലഭ്യമാക്കിയിട്ടില്ല. നിലവിലുള്ള ലൈനുകളില്‍ കൃത്യമായി വെള്ളവും ലഭിക്കാറില്ല. പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടി ജലം പാഴാകുന്ന സ്ഥതിയുണ്ട്. കുടിവെള്ളക്ഷാമം അകറ്റുന്നതിനായി ആവിഷ്കരിച്ച പദ്ധതികളില്‍ ഭൂരിഭാഗവും കടലാസിലാണ്. ബഡ്ജറ്റില്‍ കൂടുതല്‍ തുക കുടിവെള്ളത്തിനായി അനുവദിക്കാറുണ്ടെങ്കിലും ഫലപ്രദമാകാറില്ല. താഴ്ന്ന പ്രദേശത്തെ കിണറുകളിലും ജലനിരപ്പ് താഴുകയാണ്. ഈ സ്ഥിതി ഒരു മാസം കൂടി തുടര്‍ന്നാല്‍ ജലക്ഷാമം ഗുരുതരമാകും.
ജനം കുടിനീരിനായി നെട്ടോട്ടമോടുമ്പോള്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും പതിവ് കാഴ്ചയാണ്. ചൂടിന്റെ കാഠിന്യംമൂലം കൃഷികള്‍ ഉണങ്ങിത്തുടങ്ങി. വാഴ, പച്ചക്കറി കൃഷികളാണ് കൂടുതലും ചൂടേറ്റ് നശിച്ചത്. ബാങ്കില്‍ നിന്ന് ലോണെടുത്താണ് മിക്ക കര്‍ഷകരും കൃഷി ഇറക്കിയത്. ഇക്കൂട്ടര്‍ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
അന്തരീക്ഷ താപനിലയിലെ വര്‍ധന മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും നിര്‍ജലീകരണം, സൂര്യാഘാതം എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ സൃഷ്ടിക്കും. അതോടൊപ്പം പശുക്കളില്‍ ചൂട് മൂലമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകള്‍ പാലുത്പ്പാദനം, സ്വാഭാവിക പ്രതിരോധ ശേഷി എന്നിവ കുറയുന്നതിനും പ്രതുത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമാവും. മാത്രവുമല്ല രക്തത്തിലെ പ്രോട്ടോസോവല്‍ അണുബാധ പോലെയുള്ള രോഗങ്ങള്‍ ബാധിക്കാന്‍ ഏറെ സാധ്യതയുള്ള കാലം കൂടിയാണ് വേനല്‍. അന്തരീക്ഷതാപനില 26 – 28 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുന്നത് സങ്കരയിനം പശുക്കളിലും, 33 ഡിഗ്രിക്ക് മുകളിലായാല്‍ നാടന്‍ പശുക്കളിലും, 38 ഡിഗ്രി സെല്‍ഷ്യസില്‍ ഉയര്‍ന്നാല്‍ എരുമകളിലും ഉഷ്ണരോഗത്തിന് കാരണമാവും.
കടുത്ത ചൂട് വ്യാപിച്ചതോടെ നദികളിലെ നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നദികളിലെ ജലനിരപ്പ് അനുദിനം താഴുകയാണ്. വലിയ നദികളിലേക്ക് ഒഴുകിയെത്തിയിരുന്ന ചെറു നദികളും വറ്റി വരണ്ട അവസ്ഥയിലാണ്. സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥയും വിഭിന്നമല്ല.