കാര്‍ഡ് നമ്പറുകള്‍ ഓണ്‍ലൈൻ സ്ഥാപനങ്ങൾ സേവ് ചെയ്യുന്ന രീതി അവസാനിപ്പിക്കണം : റിസര്‍വ് ബാങ്ക്

ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ സേവ് ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ഇനി ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ അടുത്ത ട്രാന്‍സാക്ഷന് വേണ്ടി സേവ് ചെയ്ത് വെക്കാന്‍ കഴിയില്ല.

എന്നാല്‍ ആമസോണ്‍, സൊമാറ്റോ, നെറ്റ്ഫ്‌ളിക്‌സ് മുതലായ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ ഈ നീക്കത്തിനെതിരാണ്. പേയ്‌മെന്റുകളുടെ വേഗതയെ ഈ നീക്കം ബാധിക്കുമെന്നാണ് ഇവരുടെ വാദം. പ്രത്യേകിച്ച്‌ വിവിധ തരത്തിലുള്ള ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓരോ കാര്‍ഡിന്റേയും 16 അക്കമുള്ള നമ്പറടക്കുള്ള വിവരങ്ങള്‍ ഓര്‍ത്തു വെക്കേണ്ടി വരും എന്നാണ് അവരുടെ വാദം.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച്‌ ഉയര്‍ന്നിട്ടുള്ള പരാതികളുടേയും തട്ടിപ്പുകളുടേയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കത്തിന് റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായത്. എ ടി എം/ ഡെബിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിങ്ങ് എന്നിങ്ങനെ എല്ലാത്തരം ഓണ്‍ലൈന്‍ പണമിടപാടുകളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കഴിഞ്ഞ വർഷം പരാതികള്‍ വളരെ കൂടുതലായിരുന്നു. കൂടുതല്‍ പരാതികളും പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ ആയിരുന്നു എന്നതും ശ്രദ്ധേയം. അതുപോലെ പേയ്‌മെന്റ് ഡാറ്റാ എന്ന പേരില്‍ എന്തൊക്കെ കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടും എന്ന് വ്യക്തമായി നിര്‍വചിക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടതും റിസര്‍വ്വ് ബാങ്കിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ആര്‍ബിഐ സര്‍ക്കുലര്‍ പ്രകാരം വരുന്ന ജൂലൈ മുതല്‍ ഈ നിയമം നടപ്പിലാകും. ഓണ്‍ലൈന്‍ സ്ട്രീമിംങ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് മുതല്‍ പേയ്‌മെന്റ് ആപ്പുകളായ പേടിഎം, ഗൂഗിള്‍ പേ എന്നിവയ്‌ക്കെല്ലാം നിയമം തിരിച്ചടിയാകും. ഇപ്പോള്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുന്നതിനാല്‍ പേയ്‌മെന്റ് സമയത്ത് സിവിവി നമ്പർ മാത്രമാണ് ഉപഭോകതാക്കൾ നൽകേണ്ടത്. ഇനി 16 അക്ക കാര്‍ഡ് നമ്പര്‍ ഉൾപ്പെടെ മുഴുവന്‍ വിവരങ്ങളും ഓരോ ട്രാന്‍സാക്ഷന്‍ സമയത്തും നല്‍കണം.

പണമിടപാടുകള്‍ പതുക്കെയാക്കും എന്നത്ത പോലെ തന്നെ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കാതെ പരാതി പരിഹാരം, സേവനങ്ങള്‍, വേഗത, റീഫണ്ടിങ് എന്നിവ സേവനദാതാക്കള്‍ക്ക് പ്രാപ്യമാകില്ലെന്ന വാദവുമുണ്ട്. രാജ്യത്തെ പ്രാധാന ഐടി ലോബിയായ നാസ്‌കോം (NESSCOM) പരസ്യമായിത്തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഡാറ്റ ശേഖരിക്കുന്നത് പൂര്‍ണമായി നിരോധിക്കുന്നതിന് പകരം റിസര്‍വ്വ് ബാങ്ക് തന്നെ ആവശ്യാനുസരണം സേവനദാതാക്കള്‍ക്ക് നല്‍കുന്ന രീതി സ്വീകരിക്കണം എന്ന ആശയവും അവര്‍ മുന്നോട്ട് വെക്കുന്നു.

എന്നിരുന്നാലും പുതിയ നിയമം രാജ്യത്തെ വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വലിയൊരു അളവില്‍ മൂക്കു കയറിടും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച്‌ രാജ്യം കാര്‍ഡ് രഹിത ഡിജിറ്റല്‍ ജീവിത രീതികളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന വരും വര്‍ഷങ്ങളില്‍ പരാതികളുടെ എണ്ണം കുറയ്ക്കാനും ഈ നീക്കം സഹായിച്ചേക്കും .

മീഡിയ വിങ്സ്

spot_img

Related Articles

Latest news