തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനം ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. നേരത്തേ കേരളത്തിൽ ആർടിപിസിആർ ടെസ്റ്റുകളുടെ നിരക്ക് കുറച്ച് മൊബൈൽ ലാബുകൾ സെറ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
ജനിതകമാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാൻ വരുന്നവർക്കെല്ലാം ഉടനടി പരിശോധന നിർബന്ധമാക്കും. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും, കൊവിഡ് വ്യാപനം കേരളത്തിൽ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു. കൊവിഡ് കുത്തനെ കൂടുന്നത് തടയാൻ ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.