മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ ജില്ലയില്‍ പ്രചാരണം കൊഴുക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചതോടെയാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്ത് മലപ്പുറത്ത് മാത്രമാണ് ലോക്സഭയിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മലപ്പുറം പാര്‍ലമന്റ് മണ്ഡലത്തിലേക്ക് നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണെന്ന പ്രത്യേകതയുമുണ്ട്. മുന്‍ അംഗം ഇ. അഹമ്മദ് മരിച്ചതിനെ തുടര്‍ന്ന് 2017 ഏപ്രിലിലെ ഉപതെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവെച്ച് മത്സരിച്ചത്. 2019ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലും അദ്ദേഹമായിരുന്നു മലപ്പുറത്തുനിന്ന് വിജയിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ എം.പി സ്ഥാനം രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
യു.ഡി.എഫില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി എം.പി. അബ്ദുസ്സമദ് സമദാനി, എന്‍. ഷംസുദ്ദീന്, കെ.എന്‍.എ. ഖാദര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. എല്‍.ഡി.എഫില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഏഴ് നിയമസഭ മണ്ഡലങ്ങള്‍
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ മലപ്പുറം, കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. ഇവിടെയുള്ള വോട്ടര്‍മാര്‍ക്ക് രണ്ട് വോട്ടിനുള്ള അവസരമുണ്ടാകും. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിക്ക് മികച്ച ലീഡായിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഏഴ് ഇടങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായിരുന്നു വിജയം. ഏഴ് സീറ്റിലും മുസ്ലിം ലീഗാണ് മത്സരിക്കുക. അതേസമയം, ഒടുവില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് നേരിയ മുന്‍തൂക്കമുണ്ട്.