റിയാദിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. പാലത്ത് കക്കോടി കിഴക്കഞ്ചേരി വീട്ടിൽ രാധാകൃഷ്ണൻ പാലത്ത് (62) ആണ് റിയാദിലെ മലസ് കെയർ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
സംഭവദിവസം താമസസ്ഥലത്ത് വെച്ച് വീഴ്ചയുണ്ടായതിനെത്തുടർന്ന് മണിക്കൂറുകളോളം രാധാകൃഷ്ണൻ സഹായം ലഭിക്കാതെ കിടക്കേണ്ടി വന്നു. രാത്രി വൈകിയിട്ടും അദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും സ്പോൺസറും ചേർന്ന് അന്വേഷണം ആരംഭിച്ചു. പോലീസിന്‍റെ സഹായത്തോടെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് വീണുകിടക്കുന്ന നിലയിൽ അവശനിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്.

