ശ്രീനഗർ : മുൻ രാജ്യസഭാംഗവും മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ബിജെപി യിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമം. അങ്ങനെ വേണമായിരുന്നെങ്കിൽ വാജ്‌പേയിയുടെ കാലത്തെ ആകാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാംഗമെന്ന നിലയിൽ കാലാവധി പൂർത്തിയാക്കി അദ്ദേഹം കഴിഞ്ഞ മാസമാണ് വിരമിച്ചത്. വികാരഭരിതമായ യാത്രയയപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പ്രധാന മന്ത്രിയുടെ യാത്രയയപ്പു സന്ദേശം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. തുടർന്നാണ് അദ്ദേഹം ബിജെപിയിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.
കശ്മീരിലെ ഷഹീദ് ചൗക്കിൽ കോൺഗ്രസ് ഓഫീസിൽ പാർട്ടി പ്രവർത്തകരെയും നേതാക്കളേയും അഭിമുഖീകരിച്ചു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ജമ്മു കാശ്മീരിലും പുറത്തും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.