ഡല്‍ഹി: ജഡ്ജി അമന്‍ കുമാര്‍ ശര്‍മ്മയെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് എന്‍ക്ലേവിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്തെത്തിയ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. നിലവില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ‘നിലവില്‍ കുറ്റകൃത്യങ്ങള്‍ നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണ്,’ എന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജഡ്ജിയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴി പോലിസ് രേഖപ്പെടുത്തി വരികയാണ്. പൂനെയിലെ സിംബയോസിസ് ലോ സ്‌കൂളില്‍ നിന്ന് 2018-ല്‍ നിയമബിരുദം പൂര്‍ത്തിയാക്കിയ അമന്‍ കുമാര്‍ ശര്‍മ്മ, 2021 ജൂണ്‍ 19-നാണ് ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസസില്‍ പ്രവേശിച്ചത്. സര്‍വീസിനിടെ നിരവധി ക്രിമിനല്‍, സിവില്‍ കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ജെ.എം.എഫ്.സി), സിവില്‍ ജഡ്ജി എന്നീ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. 2025 ഒക്ടോബര്‍ 18 മുതല്‍ കര്‍ക്കാര്‍ഡൂമ കോടതികളില്‍ വടക്കുകിഴക്കന്‍ ജില്ലയിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ (DLSA) മുഴുവന്‍ സമയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Mediawings:

