അതിതീവ്ര മഴ മുന്നറിയിപ്പ്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ട്യൂഷൻ സെന്ററുകൾക്കും മതബോധന ക്ലാസുകൾക്കും അവധി; വിലക്കുകൾ കർശനം.

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ നിർണ്ണായക ഉത്തരവിറക്കി. ഞായറാഴ്ച (02/08/2026) സ്കൂളുകൾക്കും കോളേജുകൾക്കും സാധാരണ അവധിയാണെങ്കിലും ജില്ലയിലുടനീളം പ്രവർത്തിക്കുന്ന മദ്രസകൾ, സൺഡേ സ്കൂളുകൾ, മറ്റ് മതബോധന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക പരിശീലന കേന്ദ്രങ്ങൾ എന്നിവ പൂർണ്ണമായും അടച്ചിടണമെന്ന് കളക്ടർ ഉത്തരവിട്ടു. കുട്ടികൾക്കായി ഞായറാഴ്ച നടത്തുന്ന യാതൊരുവിധ അധ്യയന അല്ലെങ്കിൽ പ്രത്യേക ക്ലാസുകളും പാടില്ല. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് തടസ്സമില്ല.

ജില്ലയിലെ എല്ലാത്തരം ക്വാറി പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഏർപ്പെടുത്തിയ പൂർണ്ണ വിലക്ക് തുടരും. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ തുടങ്ങിയ ജലാശയങ്ങളിലേക്ക് പൊതുജനങ്ങൾക്കോ വിനോദസഞ്ചാരികൾക്കോ പ്രവേശനമുണ്ടാകില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി നാല് ഗ്രീൻ അലേർട്ടുകൾ പ്രഖ്യാപിക്കുന്നത് വരെ ഈ നിരോധനം നിലനിൽക്കുന്നതാണ്. ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും ദുരന്തനിവാരണ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

spot_img

Related Articles

Latest news