കൊടുവള്ളി: വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന ആവശ്യത്തിന് പരിഹാരമായി താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാർട്ടർ ആശുപത്രിയായി ഉയർത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് ആരോഗ്യ മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്കും മലയോര മേഖലയിലെ ആയിരക്കണക്കിന് രോഗികൾക്കും ആശ്രയകേന്ദ്രമായ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി എം.എൽ.എയായി ചുമതലയേറ്റ ഉടൻ തന്നെ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിരുന്നുവെന്ന് പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു.
ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാർട്ടർ ആശുപത്രിയായി ഉയർത്തുന്നതോടെ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിലൂടെ മലയോര മേഖലയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനം യാഥാർഥ്യമാക്കിയതിന് മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യ മന്ത്രി കെ. മുരളീധരനും പി.കെ. ഫിറോസ് എം.എൽ.എ നന്ദിയും അഭിനന്ദനവും അറിയിച്ചു.

