പാഠപുസ്തക പരിഷ്‌കാരം: ഭാഷാ ശിൽപശാല.

തിരൂരങ്ങാടി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ച സാഹചര്യത്തിൽ പ്ലസ് വൺ ക്ലാസുകളിലെ അറബി, മലയാളം ഭാഷാ വിഷയങ്ങൾ ഫലപ്രദമായി പഠിപ്പിക്കുന്നതിനാവശ്യമായ അധ്യാപന സമീപനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹയർ സെക്കൻഡറി വിഭാഗം സംഘടിപ്പിച്ച ദ്വിദിന ഭാഷാ ശിൽപശാല തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
ശിൽപശാല തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ എം. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും വിദ്യാർഥികേന്ദ്രീകൃത പഠനാനുഭവങ്ങൾ ഒരുക്കുന്നതിനുള്ള മികച്ച അവസരമാണെന്നും, അധ്യാപകർ ഇത്തരം അക്കാദമിക പരിശീലനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ നേർന്നു.
പുതിയ പാഠപുസ്തകങ്ങളുടെ ഘടന, പഠനലക്ഷ്യങ്ങൾ, അധ്യാപന-പഠന പ്രവർത്തനങ്ങൾ, മൂല്യനിർണയരീതികൾ, ക്ലാസ് മുറിയിലെ പ്രായോഗിക സമീപനങ്ങൾ എന്നിവയെക്കുറിച്ച് റിസോഴ്സ് പേഴ്സൺ മുജീബ് ഒട്ടുമ്മൽ വിശദീകരണം നടത്തി.
തുടർന്ന് വിവിധ സെഷനുകളിൽ ആർ.പി.മാരായ ബറോസ് കൊടക്കാടൻ, ഡോ. പ്രദീപ് കുമാർ കറ്റോടി, അനിൽ മങ്കട, ഡോ. പ്രശാന്ത് ബാവ ഇയ്യാച്ചേരി, എം.ഷിബ്‌ലു റഹ്‌മാൻ, മുത്താണിക്കാട്ട് മുഹമ്മദ് കുട്ടി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിഷയാവതരണങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, പാഠാസൂത്രണ പരിശീലനങ്ങൾ, മാതൃകാ ക്ലാസുകൾ എന്നിവയും ശിൽപശാലയുടെ ഭാഗമായി നടന്നു.
ചടങ്ങിൽ അധ്യാപകരായ കെ.വി. സാബിറ, മുനീർ താനാളൂർ, കെ.ടി. നജീബ് എന്നിവർ സംസാരിച്ചു.
കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ അറബി, മലയാളം അധ്യാപകർ പങ്കെടുത്ത ദ്വിദിന ശിൽപശാല ജൂലൈ 16, 17 തീയതികളിൽ നടക്കും. പുതിയ പാഠപുസ്തകങ്ങളുടെ ഫലപ്രദമായ ക്ലാസ്‌റൂം വിനിയോഗത്തിനും വിദ്യാർഥികളുടെ ഭാഷാപഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ശിൽപശാല ഗുണകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

 

spot_img

Related Articles

Latest news