കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുംനിന്ന് ബെംഗളൂരു വിമാനത്താവളംവഴി യാത്രചെയ്യുന്നവർക്ക് ശുഭവാർത്ത. ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർ.ടി.സി.യുടെ ഫ്ളൈ ബസ് ആരംഭിക്കുന്നു. ബെംഗളൂരുവിൽ വിമാനമിറങ്ങുന്നവർക്ക് ഇനി ഒറ്റബസിൽ കോഴിക്കോട്ടെത്താം. തിരിച്ച് ഇതേബസിന് കോഴിക്കോട്ടുനിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്താനും കഴിയും.
41 സീറ്റുള്ള സെമി സ്ലീപ്പർ എ.സി. ബസിന്റെ സർവീസിന് വെള്ളിയാഴ്ച തുടക്കംകുറിക്കും.
1550 രൂപയാണ് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക്.
ബെംഗളൂരു നഗരത്തിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും മൈസൂരുവിലും ബസിന് സ്റ്റോപ്പുണ്ടാകും. നയന്ദഹള്ളിയിൽനിന്ന് കോഴിക്കോട്ടേക്ക് 1264 രൂപയും മൈസൂരുവിൽനിന്ന് 854 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
ഇതാദ്യമായാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കേരളത്തിലേക്ക് കർണാടക ആർ.ടി.സി.യുടെ ഫ്ളൈബസ് വരുന്നത്.
മൈസൂരു, ഹുൻസൂരു, ഗോണിക്കൊപ്പ, പൊന്നമ്പേട്ട്, കുട്ട, മാനന്തവാടി, കല്പറ്റ, താമരശ്ശേരി റൂട്ടിലാണ് ബസ് സർവീസ് നടത്തുക.
രാത്രി 10.45-ന് വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്നാണ് ബസ് പുറപ്പെടുക. രണ്ടാം ടെർമിനലിലുമെത്തി യാത്രക്കാരെ കയറ്റും. 11.55-ന് നയന്ദഹള്ളി മെട്രോ സ്റ്റേഷനിലെത്തും. പുലർച്ചെ 2.45-ന് മൈസൂരു പിന്നിടുന്ന ബസ് രാവിലെ 7.15-ന് കോഴിക്കോട്ടെത്തിച്ചേരും.
രാത്രി 7.30-ന് കോഴിക്കോട്ടുനിന്ന് യാത്ര തിരിക്കുന്ന ബസ് പുലർച്ചെ 5.15-ന് ബെംഗളൂരു വിമാനത്താവളത്തിലെത്തും. www.ksrtc.in എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

