ലോക ഫുട്ബോള്‍ കാത്തിരിക്കുന്ന അർജന്റീന-സ്പെയിൻ ലോകകപ്പ് ഫൈനലിന്റെ വിധികർത്താവായി സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്കിനെ തെരഞ്ഞെടുത്തു.ഫിഫയുടെ തീരുമാനം വലിയ ശ്രദ്ധ നേടിയെങ്കിലും, വിൻസിക്കിന്റെ മുൻകാല റഫറിയിങ് അനുഭവങ്ങളില്‍ ചിലത് അർജന്റീനയ്ക്ക് മധുരമുള്ള ഓർമകളല്ല എന്നത് അർജന്റീന ആരാധകർക്കിടയില്‍ ചെറിയ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ വിൻസിക്കിന്റെ ഓരോ തീരുമാനവും നിർണായകമാകും. ലോകകപ്പ് പോലൊരു വേദിയില്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വലിയ കരുത്താണെങ്കിലും, ഇരുടീമുകളുടെയും ആരാധകർ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നുറപ്പ്.
അർജന്റീന ആരാധകരുടെ ആശങ്കയ്ക്ക് പ്രധാന കാരണം 2022 ഖത്തർ ലോകകപ്പിലെ ഒരു മത്സരമാണ്. അന്ന് അർജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ ചുമതല വിൻസിക്കിനായിരുന്നു.
ആ മത്സരത്തില്‍ എട്ടാം മിനിറ്റില്‍ അർജന്റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചത് വിൻസിക്കിന്റെ തീരുമാനമായിരുന്നു. ലയണല്‍ മെസി അത് ഗോളാക്കി മാറ്റുകയും ചെയ്തു. സൗദി താരങ്ങള്‍ക്ക് ആറ് മഞ്ഞക്കാർഡുകളും അദ്ദേഹം പുറത്തെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ സൗദി അറേബ്യ നടത്തിയ അപ്രതീക്ഷിത തിരിച്ചുവരവില്‍ അർജന്റീന 1-2ന് തോല്‍ക്കുകയായിരുന്നു.
വിൻസിക് നിയന്ത്രിച്ച മത്സരത്തില്‍ അർജന്റീന നേരിട്ട ഏക തോല്‍വിയും ഇതുതന്നെയാണ്.
അതേസമയം, സ്പെയിനിന്റെ കാര്യത്തില്‍ വിൻസിക്കിന്റെ മുൻകാല റെക്കോർഡ് കൂടുതല്‍ ആശ്വാസകരമാണ്. സ്പെയിനിന്റെ നിരവധി പ്രധാന മത്സരങ്ങളില്‍ അദ്ദേഹം റഫറിയായി പ്രവർത്തിച്ചിട്ടുണ്ട്.
2017-ലെ കൊളംബിയക്കെതിരായ സൗഹൃദ മത്സരം, യൂറോ 2020-ലെ സ്വീഡനെതിരായ മത്സരം, 2023-ലെ യുവേഫ നേഷൻസ് ലീഗ് സെമിഫൈനല്‍ എന്നിവയില്‍ വിൻസിക് ആയിരുന്നു മധ്യസ്ഥൻ. യുവതാരം ലമീൻ യമാല്‍ ടീമിലെ നിർണായക താരമായി മാറിയ ശേഷം നടന്ന യൂറോ 2024 മത്സരങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഇറ്റലിക്കെതിരായ സ്പെയിനിന്റെ 1-0 വിജയത്തിലും ഫ്രാൻസിനെതിരായ സെമിഫൈനലിലും വിൻസിക് തന്നെയായിരുന്നു റഫറി. അതുകൊണ്ടുതന്നെ സ്പെയിൻ ആരാധകർക്ക് അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകള്‍ കൂടുതല്‍ പോസിറ്റീവാണ്.
നിലവിലെ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളാണ് വിൻസിക് നിയന്ത്രിച്ചത്. മെക്സിക്കോ-ഇക്വഡോർ മത്സരത്തില്‍ ഇക്വഡോർ താരം പിയറോ ഹിൻകാപ്പിക്ക് ചുവപ്പ് കാർഡ് നല്‍കിയ തീരുമാനം വലിയ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു.
അതുകൊണ്ടുതന്നെ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുന്ന ഫൈനലില്‍ വിൻസിക്കിന്റെ ഓരോ വിസില്‍ തീരുമാനവും ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടും. ഒരു തെറ്റായ തീരുമാനം പോലും മത്സരത്തിന്റെ ഗതി മാറ്റാൻ സാധ്യതയുള്ളതിനാല്‍, സ്ലോവേനിയൻ റഫറിയുടെ പ്രകടനം ഫൈനലിലെ പ്രധാന ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.

