വികസന നേട്ടങ്ങൾ സ്വന്തം പേരിലാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കാരശ്ശേരി പഞ്ചായത്ത് സപ്ലിമെന്റ് കത്തിച്ച് യുഡിഎഫ് പ്രതിഷേധം

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ “വികസനത്തിന്റെ പുതുവഴിയിൽ കാരശ്ശേരി” എന്ന പേരിലുള്ള വികസന സപ്ലിമെന്റിനെതിരെ യുഡിഎഫ് അംഗങ്ങൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സപ്ലിമെന്റ് പരസ്യമായി കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷം ശ്രദ്ധേയമായ ഒരു വികസന പദ്ധതിപോലും പഞ്ചായത്തിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, മുൻ യുഡിഎഫ് ഭരണസമിതി ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്ത പദ്ധതികളെ നിലവിലെ ഭരണസമിതിയുടെ നേട്ടങ്ങളായി ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സപ്ലിമെന്റിലൂടെ നടത്തിയിരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

സപ്ലിമെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില ചിത്രങ്ങളും വികസന പദ്ധതികളും കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ളതല്ലെന്നും, മുക്കം മുനിസിപ്പാലിറ്റിയുടെയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും വികസന പ്രവർത്തനങ്ങളാണ് കാരശ്ശേരിയുടെ പേരിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. യാഥാർഥ്യങ്ങൾ മറച്ചുവെച്ച് കണക്കുകൾക്കും ചിത്രങ്ങൾക്കും മറവിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ വിമർശിച്ചു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ വിവരങ്ങൾ അടങ്ങിയ സപ്ലിമെന്റ് പ്രസിദ്ധീകരിച്ചത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും, ഇതിന് ഭരണസമിതി മറുപടി പറയേണ്ടിവരുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പഞ്ചായത്തിൽ നടപ്പിലാക്കിയ യഥാർഥ വികസന പ്രവർത്തനങ്ങളുടെ കണക്ക് ജനങ്ങൾക്ക് മുന്നിൽ വെക്കാൻ ഭരണസമിതി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രതിഷേധ പരിപാടി ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. മുഷീർ പട്ടാംകുന്നൻ, സി. കെ. വിജീഷ്, അമിന ബാനു, സീനത്ത് കവണഞ്ചേരി, ഹസീന ബഷീർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പഞ്ചായത്തിന്റെ വികസനത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം തുടരുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.

spot_img

Related Articles

Latest news