തലശേരിയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് ലഹരി പിടികൂടിയ സംഭവം: പോക്സോ കേസ് പ്രതിയുമായുള്ള ബന്ധം ഒതുക്കാൻ രഹസ്യനീക്കമെന്ന് ആരോപണം.

തലശേരിയിൽ ഡോക്ടറുടെ വീട്ടിൽനിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയ സംഭവത്തിൽ പോക്സോ കേസ് പ്രതിയുമായുള്ള ബന്ധം ഒതുക്കിത്തീർക്കാൻ ഉന്നതതലത്തിൽ രഹസ്യനീക്കം നടക്കുന്നതായി ആരോപണം.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ തിരുവങ്ങാട് മൂന്നാം ഗേറ്റിന് സമീപത്തെ അഖിൽ സജിയുടെ വാടകവീട്ടിൽനിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. എന്നാൽ, പിടികൂടിയ എംഡിഎംഎയുടെ അളവ് കുറവാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർക്ക് നോട്ടീസ് നൽകി അയച്ച പൊലീസ് നടപടിയാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കോൺഗ്രസ് ഭരണത്തിലുള്ളതും ഡിസിസി ഭാരവാഹി ചെയർമാനുമായ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. സംഭവത്തിൽ വലിയ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് ഉയർന്നുവരുന്ന പ്രധാന ആരോപണം.

പോക്സോ കേസ് അന്വേഷണത്തിനിടെ പുറത്തുവന്ന ലഹരിബന്ധം

പതിനഞ്ചുകാരനായ വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഡോക്ടറുടെ വീട്ടിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തത്. ലഹരികേസുകളിൽ പിടിയിലാകുന്നവരെ സാധാരണയായി കോടതിയിൽ ഹാജരാക്കാറുള്ള പൊലീസ്, ഈ കേസിൽ ഡോക്ടറെ വെറുതെവിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിക്കഴിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം ആയഞ്ചേരി വരി താഴെക്കുനിയിൽ ഇർഷാദിനെ (36) തലശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയോടെ മദ്രസാ പഠനം കഴിഞ്ഞ് വിട്ടിലേക്ക് പോകാൻ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന വിദ്യാർഥിയെ വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വിദ്യാർഥി കുതറിയോടി സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവറോട് വിവരം പറയുകയും, ഓട്ടോഡ്രൈവർ വാഹനം പിന്തുടർന്ന് നമ്പർ കുറിച്ചെടുത്ത് പൊലീസിന് കൈമാറുകയുമായിരുന്നു.

എസ്.ഐ കെ. അശ്വതിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച പുലർച്ചെ നാദാപുരത്തെ ലോഡ്ജിൽ നിന്നാണ് ഇർഷാദിനെ പിടികൂടിയത്. ഇയാൾ ഫോൺ വഴി ഡോക്ടറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഉന്നതർക്ക് ലൈംഗിക ചൂഷണത്തിനായി കാഴ്ചവെക്കുന്ന വൻ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇർഷാദെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇയാൾ കുട്ടിയെ തലശേരിയിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയിരുന്നതായി സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തലശേരിയിലെ ചില പ്രമുഖർ പൊലീസ് നിരീക്ഷണത്തിലാണ്. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

spot_img

Related Articles

Latest news