ചെന്നൈ: ചെന്നൈ- ന്യൂഡല്‍ഹി തമിഴ്നാട് എക്സ്പ്രസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞ് പൊലീസ്.തമിഴ്നാട് പരമകുടി സ്വദേശിനി ഹൈദൂൻ നിഷ എന്ന 38-കാരിയാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവരുടേതെന്ന് കരുതുന്ന ട്രോളിബാഗില്‍നിന്ന് ജീർണിച്ച നിലയില്‍ ലഭിച്ച ശരീരഭാഗങ്ങളുടെ ബാക്കി ഗുഡുവാഞ്ചേരിയിലെ ഒരു വീട്ടില്‍നിന്നും വെള്ളിയാഴ്ച കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീൻ ലസ്കർ, ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇരുവരും ബാഗുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.
ചെന്നൈ സെൻട്രല്‍, ഗുഡുവാഞ്ചേരി റെയില്‍വെ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിർണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ ചുവന്ന സ്യൂട്ട്കേസുമായി ചെന്നൈ സെൻട്രല്‍ സ്റ്റേഷനിലെത്തി ട്രെയിനില്‍ കയറുന്നതും പിന്നീട് ട്രെയിനില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ ഗുഡുവാഞ്ചേരിയിലേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഗുഡുവാഞ്ചേരിയിലെ മോസ്ക് സ്രീറ്റിലെ വാടക വീട്ടിലാണ് ഉദ്ദീൻ ലസ്കറും പങ്കാളിയായ ഭഗവതി മാജിയും താമസിച്ചിരുന്നത്. കൊലപാതകത്തിന് പിന്നാലെ ഇരുവരും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഒഡീഷയിലേക്ക് രക്ഷപ്പെട്ടെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഇവരെ പിടികൂടാനായി പ്രത്യേക അന്വേണസംഘത്തെ ഒഡീഷയിലേക്ക് അയച്ചിട്ടുണ്ട്.
ഓഗസ്റ്റ് 5 നാണ് രക്തംപോലുള്ള എന്തോ ദ്രാവകം ഒലിച്ചിറങ്ങി ദുർഗന്ധം വമിച്ചിരുന്ന ഒരു ചുവന്ന സ്യൂട്ട്കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചെന്നൈ-ന്യൂഡല്‍ഹി തമിഴ്നാട് എക്സ്പ്രസില്‍ കണ്ടെത്തിയത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആഗ്രാ റെയില്‍വെ പൊലീസെത്തി ബാഗ് തുറന്നുപരിശോധിച്ചപ്പോഴാണ് കഷണങ്ങളാക്കി പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

