ദുബൈ: വനിത ഏഷ്യകപ്പില് പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.പാകിസ്ഥാന് ഉയര്‍ത്തിയ 56 റണ്‍സിന്റെ വിജയലക്ഷ്യം 68 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.
പുറത്താകാതെ 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. പാകിസ്ഥാന് വേണ്ടി സന ഫാത്തിമ മൂന്നുവിക്കറ്റ് നേടി. സെമിബര്‍ത്ത് നേരത്തെ ഉറപ്പാക്കിയ ഇന്ത്യ, ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മുന്നേറുന്നത്. സ്കോര്‍: പാകിസ്ഥാന് – 18.1 ഓവറില്‍ 55ന് പുറത്ത്, ഇന്ത്യ – 8.4 ഓവറില്‍ മൂന്നിന് 57.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്കായി, നേരിട്ട ആദ്യ പന്തില്‍ സിക്സര്‍ പറത്തിയാണ് യുവതാരം ഷഫാലി വര്‍മ തുടങ്ങിയത്. ആദ്യ ഓവറില്‍ 9 റണ്‍സാണ് ഇന്ത്യ സ്കോര്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവര്‍ എറിഞ്ഞ പാക് ക്യാപ്റ്റന്‍ ഫാത്തിമ സന, നാലു പന്തിന്റെ ഇടവേളയില്‍ ഷഫാലിയെയും (12) പ്രതിക റാവലിനെയും (4) മടക്കി ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചു. തന്റെ തൊട്ടടുത്ത ഓവറില്‍, സ്മൃതി മന്ഥാനയെ (9) കൂടി പുറത്താക്കി ഇന്ത്യക്ക് വന്‍ പ്രഹരമേല്‍പ്പിച്ചു.
ഇതോടെ നാലോവറില്‍ മൂന്നിന് 29 എന്ന നിലയില്‍ പരുങ്ങലിലായി ഇന്ത്യ. പിന്നീടൊന്നിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയും ഇന്ത്യയെ വിജയത്തിലെത്തിച്ചു. ദീപ്തി 12 റണ്‍സുമായി പുറത്താകാതെ നിന്നു.

