റിയാദ്/ദമ്മാം: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സൗദി അറേബ്യ സെൻട്രൽ കമ്മിറ്റി. റിയാദ്, ദമ്മാം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ക്യാമ്പുകൾ സംഘടിപ്പിച്ചത്.
മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിനോടനുബന്ധിച്ച് ലോകമെമ്പാടും അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗദിയിലും രക്തദാന ക്യാമ്പുകൾ നടത്തിയത്. പ്രിയതാരത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുത്താണ് പ്രവർത്തകർ ക്യാമ്പുകൾ സംഘടിപ്പിച്ചത്.
റിയാദ് സുലൈമാനിയയിലെ പ്രിൻസ് സുൽത്താൻ കാർഡിയാക് സെന്ററിൽ നടന്ന രക്തദാന ക്യാമ്പിന് മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കോട്ടക്കൽ, ട്രഷറർ ഫവാദ് മുഹമ്മദ്, റിയാദ് പ്രസിഡന്റ് നൗഷാദ് ചോറ്റൂർ, കോർഡിനേറ്റർ ഇജാസ് ബിനു, ഡോ. മാജിദ് എന്നിവർ നേതൃത്വം നൽകി.
ദമ്മാമിൽ പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വനിതകൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി. ദമ്മാം പ്രസിഡന്റ് ശിഹാസ് അലി, സെക്രട്ടറി ലൈസൺ വിജിൻദാസ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് താജു മജീദ്, സുനിൽ മുഹമ്മദ്, റോഷൻ, യാസിർ, സക്കീർ ഹുസൈൻ, ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് കോർഡിനേറ്റർ ഷിനാജ് എന്നിവർ നേതൃത്വം നൽകി.
അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന മമ്മൂട്ടി അഭിനയ മികവിലൂടെ നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അഭിനയരംഗത്തെ സംഭാവനകൾക്കൊപ്പം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന താരത്തോടുള്ള ആരാധകരുടെ സ്നേഹവും സാമൂഹിക പ്രതിബദ്ധതയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
മഹാനടന്റെ ജന്മദിനം രക്തദാനം പോലെയുള്ള മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും.

