റിയാദ്: പൊതുപ്രവർത്തന രംഗത്ത് സജീവമായി ഇടപെടുകയും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്ത അഡ്വ. എം. ബീരാൻ കുട്ടിയുടെ നിര്യാണത്തിൽ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി റിയാദിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കോൺഗ്രസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. ബീരാൻ കുട്ടിയുടെ പൊതുപ്രവർത്തന ജീവിതവും സാമൂഹിക ഇടപെടലുകളും യോഗത്തിൽ അനുസ്മരിച്ചു. ജന്മംകൊണ്ട് മലപ്പുറം സ്വദേശിയായിരുന്നെങ്കിലും കർമംകൊണ്ടും പ്രവർത്തനങ്ങളിലൂടെയും കോഴിക്കോടിന്റെ പൊതുസമൂഹത്തിന്റെ ഭാഗമായി മാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുസ്മരണ പ്രസംഗങ്ങളിൽ അഭിപ്രായപ്പെട്ടു.
ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും സാധാരണക്കാരുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി ശക്തമായി ശബ്ദമുയർത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നടത്തിയ ഇടപെടലുകളും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും യോഗത്തിൽ പ്രത്യേകം അനുസ്മരിച്ചു.
പദവികൾക്കപ്പുറം ജനങ്ങളുമായുള്ള ആത്മബന്ധത്തിന് പ്രാധാന്യം നൽകിയ പൊതുപ്രവർത്തകനായിരുന്നു അഡ്വ. എം. ബീരാൻ കുട്ടിയെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സൗഹൃദപരമായ ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ വിയോഗം പൊതുപ്രവർത്തന രംഗത്തും സഹപ്രവർത്തകർക്കിടയിലും നികത്താനാവാത്ത നഷ്ടമാണെന്നും യോഗം വിലയിരുത്തി.
ജില്ലാ വൈസ് പ്രസിഡന്റ് മജു സിവിൽ സ്റ്റേഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ ഒമർ ഷരീഫ്, സൻജീർ കോലിയോട്ട്, അബൂബക്കർ കോയ, റഫീഖ് എരഞ്ഞിമാവ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റിയാസ് ആസാദ് സ്വാഗതവും ജംഷീർ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
നാസർ മാവൂർ, ഷിഹാബ് കൈതപൊയിൽ, ഹാറൂൺ കാരക്കുറ്റി, ജോൺ കക്കയം, അസ്ക്കർ മുല്ലവീട്ടിൽ, സിദ്ധീഖ് പന്നിയങ്കര എന്നിവർ അനുശോചന യോഗത്തിന് നേതൃത്വം നൽകി. അഡ്വ. എം. ബീരാൻ കുട്ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കുമുണ്ടായ ദുഃഖത്തിൽ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

