ആണ്‍കുട്ടികളോട് മുടിവെട്ടാന്‍ പറയേണ്ട, അവര്‍ക്കും മുടിവളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്: ബാലാവകാശ കമ്മിഷന്‍.

തിരുവനന്തപുരം: സ്‌കൂളുകളുടെ തലമുടി ആരാധകര്‍ക്ക് ആശ്വസിക്കാം. മുടി വെട്ടാന്‍ അധ്യാപകര്‍ ഇനി നിര്‍ബന്ധിക്കില്ല.പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍ കുട്ടികള്‍ക്കും അവരുടെ ഇഷ്ടാനുസരണം മുടി വളര്‍ത്താം. തലമുടി വളര്‍ത്തുന്നതിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെ പേരിലോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിലോ ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും സ്‌കൂള്‍ അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കാനോ ക്ലാസ്സില്‍നിന്ന് മാറ്റിനിര്‍ത്താനോ വിവേചനപരമായി പെരുമാറാനോ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മിഷന്‍ അംഗം പി. ഷാജേഷ് ഭാസ്‌കര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ബാഹ്യരൂപത്തേക്കാള്‍ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി

കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കാനുള്ള ചുമതല കുട്ടികള്‍ക്കുണ്ട്. ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍, കായിക മത്സരങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി നിര്‍ബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയര്‍ ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ ചെയ്യണം. എന്നാല്‍, ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കല്‍ വസ്തുക്കളോ കളറുകളോ മുടിയില്‍ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും ഉത്തരവില്‍ പറയുന്നു. ലിംഗനിര്‍ണയം നടത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് അവരുടെ താല്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂര്‍ണ അവകാശമുണ്ടായിരിക്കും. ഈ വിഷയത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഇതുവരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. അതിനാല്‍ അടിയന്തിരമായി മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്നും ആണ്‍കുട്ടികളെയും ലിംഗനിര്‍ണയം നടത്താത്ത കുട്ടികളെയും കൂടി ഉള്‍പ്പെടുത്തിയുള്ള സമിതി രൂപീകരിച്ച് അവരെക്കൂടി കേട്ട ശേഷമായിരിക്കണം വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കമ്മിഷന്റെ ശുപാര്‍ശയില്‍ എതിര്‍കക്ഷികള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണം.

കേരളത്തിലെ വിദ്യാലയങ്ങള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആണ്‍കുട്ടികളോടും ലിംഗനിര്‍ണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും തലമുടി നീട്ടിവളര്‍ത്തുന്ന ആണ്‍കുട്ടികളെ കുറ്റവാളികളായി സ്‌കൂള്‍ അധികൃതര്‍ ചിത്രീകരിക്കുന്നുവെന്നും കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദുമേനോന്‍ നല്‍കിയ ഹര്‍ജിയും കമ്മീഷന്‍ പരിഗണിച്ചു. കൂടാതെ, പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയോട് മുടി വെട്ടിവരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകാത്ത സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശം തേടി കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.

spot_img

Related Articles

Latest news