കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷൻ വളപ്പില്‍ വെച്ച് പങ്കാളിയുടെ കുത്തേറ്റ എം.ഡി.എം.എ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.അഞ്ചിലധികം വെട്ടുകളും കുത്തുകളുമേറ്റ കീർത്തന നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ആരോഗ്യനില വഷളാക്കിയത്. ശനിയാഴ്ച, ലഹരിമരുന്ന് കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു പങ്കാളിയായ ജിനീഷ് കീർത്തനയെ അക്രമിച്ചത്. ഉടൻ തന്നെ കീർത്തനയെ ആശുപത്രിയില്‍ എത്തിക്കുകയും പ്രതി ജിനീഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കസ്റ്റഡിയിലുള്ള ജിനീഷ് പൊലീസിന് മൊഴി നല്കി. ബി.ആർ.സി അധ്യാപികയായ കീർത്തനയും ജിനീഷും കഴിഞ്ഞ രണ്ടു വർഷമായി ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ കീർത്തനയുടെ ചില സുഹൃദ്ബന്ധങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നു. ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളും ഭീഷണികളും തന്നെ പ്രകോപിപ്പിച്ചുവെന്നും, തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് ഒരാഴ്ച മുൻപ് കത്തി വാങ്ങുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.

