ദമാമിൽ പാസ്‌പോർട്ട് തടഞ്ഞുവെച്ചെന്ന് കുടുംബത്തിന്റെ ആരോപണം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവിന് ദാരുണാന്ത്യം.

ദമാം: കാൽനൂറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കഴിയാനായി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ മലയാളി യുവാവ് ദമാമിൽ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വടക്കൻ മൈനാഗപ്പള്ളി സ്വദേശി സുരേഷാണ് മരിച്ചത്. പാസ്‌പോർട്ട് തിരികെ ലഭിക്കാത്തതിനെ തുടർന്ന് സുരേഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ദമാമിൽ അബ്ദുൽ അസീസ് എന്ന തൊഴിലുടമയുടെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സുരേഷ്. പിന്നീട് തൊഴിൽസ്ഥാപനം മാറിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി എക്സിറ്റ് നേടിയിരുന്നു. എന്നാൽ, മുൻ തൊഴിലുടമ പാസ്‌പോർട്ട് തിരികെ നൽകാതെ കൈവശം വെച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
സുഹൃത്തുക്കൾ മുഖേന പാസ്‌പോർട്ട് തിരികെ ലഭിക്കുന്നതിനായി മുൻ തൊഴിലുടമയെ സമീപിച്ചെങ്കിലും പാസ്‌പോർട്ട് തന്റെ കൈവശമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുടുംബം പറയുന്നു. ചില സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ദമാമിൽ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. പ്രശ്നപരിഹാരത്തിനായി പലതവണ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഇതിനിടെ എക്സിറ്റ് കാലാവധി അവസാനിക്കാറായതും പാസ്‌പോർട്ട് ലഭിക്കാത്തതും സുരേഷിനെ കടുത്ത ആശങ്കയിലാക്കിയിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. എക്സിറ്റ് കാലാവധി അവസാനിക്കുന്ന ദിവസം സുരേഷ് കുഴഞ്ഞുവീഴുകയും തുടർന്ന് മരണപ്പെടുകയും ചെയ്തതായി കുടുംബം അറിയിച്ചു. മരണശേഷമാണ് മുൻ തൊഴിലുടമ പാസ്‌പോർട്ട് കൈമാറിയതെന്നും കുടുംബം ആരോപിക്കുന്നു.
ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെയും സഹായത്തോടെ സുരേഷിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തി. സംഭവത്തിലെ മുഴുവൻ സാഹചര്യങ്ങളും അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നീതി ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസി, നോർക്ക, സംസ്ഥാന സർക്കാർ എന്നിവരുടെ സഹായത്തോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
കാൽനൂറ്റാണ്ടോളം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് കുടുംബത്തോടൊപ്പം കഴിയാൻ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ സുരേഷിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

spot_img

Related Articles

Latest news