റിയാദ്: മലപ്പുറത്തെ സംബന്ധിച്ച് സിപിഎം മുൻ പൊന്നാനി എംഎൽഎ നന്ദകുമാർ നടത്തിയ വർഗീയ പരാമർശത്തിൽ അദ്ദേഹം പരസ്യമായി മാപ്പുപറയണമെന്നും വിഷയത്തിൽ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ഒഐസിസി മലപ്പുറം ജില്ലാ റിയാദ് കമ്മിറ്റി ആവശ്യപ്പെട്ടു.
മലപ്പുറത്തിന്റെ സാമൂഹിക സൗഹാർദത്തെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വർഗീയ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഒഐസിസി വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട ഒരു മുൻ ജനപ്രതിനിധിയിൽനിന്നുണ്ടായ പരാമർശത്തിൽനിന്ന് സിപിഎം നേതൃത്വം ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും കമ്മിറ്റി പറഞ്ഞു.
മലപ്പുറത്തിന്റെ മതസൗഹാർദവും സാമൂഹിക ഐക്യവും തകർക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും സഹവർത്തിത്വത്തിലും ജീവിക്കുന്ന ജനതയാണ് മലപ്പുറത്തിന്റേത്. ഈ ഐക്യത്തെ തകർക്കാൻ വിദ്വേഷത്തിന്റെയും വർഗീയ വിഭജനത്തിന്റെയും വിത്തുപാകി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾക്ക് ജനാധിപത്യ സമൂഹം മറുപടി നൽകുമെന്നും കമ്മിറ്റി വ്യക്തമാക്കി.
മലപ്പുറത്തിന്റെ സൽപ്പേരിനും സാമൂഹിക സൗഹാർദത്തിനും കളങ്കം വരുത്തുന്ന പരാമർശങ്ങളിൽ സിപിഎം നേതൃത്വം മൗനം വെടിയണം. നന്ദകുമാറിന്റെ പ്രസ്താവന പാർട്ടിയുടെ നിലപാടാണോ എന്ന കാര്യത്തിൽ സിപിഎം നേതൃത്വം വ്യക്തത വരുത്തണമെന്നും ഒഐസിസി ആവശ്യപ്പെട്ടു.
പരാമർശത്തിൽ നന്ദകുമാറും സിപിഎം നേതൃത്വവും മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. മലപ്പുറത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുമുള്ള ഏത് ശ്രമത്തെയും ജനാധിപത്യപരമായി ചെറുക്കുമെന്നും നാടിന്റെ മതസൗഹാർദവും ഐക്യവും സംരക്ഷിക്കുന്നതിനായി ഒഐസിസി ശക്തമായി നിലകൊള്ളുമെന്നും ഒഐസിസി മലപ്പുറം ജില്ലാ റിയാദ് കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

