മക്കയിലെ പള്ളിയില്‍ അധാര്‍മിക പ്രവൃത്തി: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: മക്കയിലെ പള്ളിയില്‍ അധാര്‍മിക പ്രവൃത്തി ചെയ്തുവെന്നാരോപിച്ച്‌ രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ ഉദ്ധരിച്ച്‌ വിദേശ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വധശിക്ഷാ നടപടിയെക്കുറിച്ച്‌ തങ്ങള്‍ക്ക് മുന്‍കൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് ജിദ്ദയിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റ് വ്യക്തമാക്കി.

നസറുല്‍ ഇസ്ലാം അബ്ദുല്‍ ബസീര്‍, സിതി അക്തര്‍ എന്നീ രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. സൗദി സുരക്ഷാ വിഭാഗം ഇരുവരെയും അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിന് ശേഷം കേസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്ന് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

സംഭവസ്ഥലത്തിന്റെയും സമയത്തിന്റെയും പവിത്രത ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അധികൃതര്‍ ഈ കടുത്ത നടപടി സ്വീകരിച്ചത്. ബന്ധപ്പെട്ട അതോറിറ്റികള്‍ വിധി ശരിവെക്കുകയും തുടര്‍ന്ന് രാജകീയ ഉത്തരവ് പുറത്തുവരികയും ചെയ്ത ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. ഒക്ടോബർ 14-നാണ് സൗദി അറേബ്യയില്‍ വെച്ച്‌ ഒരു പുരുഷനെയും ഒരു സ്ത്രീയേയും വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജൻസി.

സംഭവം ബംഗ്ലാദേശില്‍ വലിയ ആശങ്കയ്ക്ക് കാരണമായി. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് സൗദി അറേബ്യ വിവരം അറിയിച്ചിരുന്നില്ലെന്ന് ജിദ്ദയിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റ് വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ വിശദീകരണം. കേസിന്റെ വിശദാംശങ്ങളും നിയമനടപടികളും അറിയിക്കാൻ ആവശ്യപ്പെട്ട് ബംഗ്ലാദേശ് സൗദി വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക സന്ദേശം അയച്ചിട്ടുണ്ട്.

spot_img

Related Articles

Latest news