സ്ഥാനാര്‍ത്ഥിത്വം : വനിതാലീഗ് നേതാക്കളുടെ സാധ്യത മങ്ങി

സമസ്ത പിടി മുറുക്കി; സാധ്യതാ പട്ടികയിൽ ഇടം ഇല്ല

കോഴിക്കോട്:മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയിലും ഇടം ലഭിക്കാതായതോടെ വനിതാ നേതാക്കളുടെ സ്ഥാനാര്‍ത്ഥി മോഹം മങ്ങി. സിറ്റിങ് എംഎല്‍എമാരെ മാറ്റി നിര്‍ത്തിയുള്ള സാധ്യതാ പട്ടികയില്‍ പാലാരിവട്ടം പാലം അഴിമതിക്കുരുക്കില്‍പ്പെട്ട വി കെ ഇബ്രാഹിംകുഞ്ഞിന്റെയും നിക്ഷേപതട്ടിപ്പ് കേസില്‍ അകപ്പെട്ട എം സി കമറുദ്ദീന്റെയും പേരുകളില്ല എന്നതും ശ്രദ്ധേയമാണ്.

സമസ്ത എതിര്‍പ്പ് ശക്തമാക്കിയതോടെയാണ് മുസ്‌ലിം ലീഗ് വനിതാ നേതാക്കളുടെ സ്ഥാനാര്‍ത്ഥി മോഹം ഇത്തവണയും മങ്ങിയത്. ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കണമെന്ന് കാണിച്ച്‌ വനിതാ ലീഗ് നേതൃത്വം നേരത്തെ തന്നെ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥി സംഘടനയായ ഹരിത ഫാത്തിമ തെഹലിയയുടെ പേരും നിര്‍ദ്ദേശിച്ചു. മുസ്‌ലിം വനിതയെ മത്സരിപ്പിക്കരുതെന്ന നിലപാട് സമസ്ത കടുപ്പിച്ചതോടെ ഇ പേരുകളൊക്കെ ചര്‍ച്ചചെയ്യാന്‍ പോലും നില്‍ക്കാതെ ലീഗ് നേതൃത്വം ഒഴിവാക്കി. 1996 ല്‍ ഖമറുന്നിസ അന്‍വര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതകളാരും മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

മുസ്‌ലിം ലീഗിന്റെ പ്രധാന വോട്ടുബാങ്കായ സമസ്തയുടെ കടുത്ത എതിര്‍പ്പ് തന്നെയാണ് മുന്‍കാലങ്ങളിലും മുസ്‌ലിം ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് തടസമായത്. സമസ്തയെ പിണക്കാതെ വനിതാ പ്രാതിനിധ്യമുറപ്പിക്കാനുള്ള ശ്രമമാണ് മുസ്‌ലിം ലീഗ് നേതൃത്വം ഇപ്പോള്‍ നടത്തുന്നത്.

അതേസമയം, വനിതകളെ തഴഞ്ഞെങ്കിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക. മലപ്പുറം,വേങ്ങര, മഞ്ചേരി എന്നീ മണ്ഡലങ്ങളിലേതുള്‍പ്പെടെ ആറോളം സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് സാധ്യതാ പട്ടികയില്‍ നിന്ന് മനസിലാക്കുന്നത്.

ചില മണ്ഡലങ്ങളില്‍ ഒന്നിലേറെ പേരുകളുണ്ട്. പി വി അബ്ദുല്‍ വഹാബിന് മഞ്ചേരി സീറ്റ് നല്‍കാനാണ് ആലോചന. കെ എം ഷാജിയെ കാസര്‍കോട്ട് സിറ്റിങ് എംഎല്‍എ, എന്‍ എ നെല്ലിക്കുന്നിനൊപ്പം പരിഗണിക്കുന്നു. ലോക്‌സഭാംഗത്വം രാജിവെച്ചെത്തുന്ന കുഞ്ഞാലിക്കുട്ടിയുടെ പേരാണ് വേങ്ങരയില്‍. വള്ളിക്കുന്നില്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഏറനാട്ടില്‍ പി കെ ബഷീര്‍, കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കിയേക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

spot_img

Related Articles

Latest news