36 നിരീക്ഷണ ക്യാമറകൾ പ്രവർത്തനസജ്ജമായതോടെ പാനൂർ ടൗൺ മുഴുവൻ ക്യാമറക്കണ്ണിലായി. പുത്തൂർ റോഡിൽ വൈദ്യർപീടികവരെയും ചമ്പാട് റോഡിൽ വൈദ്യുതി ഓഫീസ് വരെയും ക്യാമറയുടെ നിരീക്ഷണത്തിലായി. പൂക്കോം റോഡിൽ ഗവ. ആയുർവേദ ആസ്പത്രി ജങ്‌ഷൻവരെയും കൂത്തുപറമ്പ് റോഡിൽ ഗുരുസന്നിധിവരെയുമാണ് നിരീക്ഷണ ക്യാമറകൾ ഉള്ളത്. ബസ് സ്റ്റാൻഡിലും പരിസരത്തുമായി ആറ് ക്യാമറകളും നാൽക്കവലയിൽ നാലെണ്ണവും സജ്ജമാക്കിയിട്ടുണ്ട്.
2019 ൽ ഫോക്കസ് പാനൂർ പദ്ധതിയുടെ ഭാഗമായി 16 ക്യാമറകൾ സ്ഥാപിച്ചിരുന്നു. പുത്തൂർ റോഡിൽ പുത്തൂർ ഓവുപാലം വരെയും വൈദ്യർപീടിക വഴി പാലത്തായി വായനശാലവരെയും ക്യാമറകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു. പാനൂർ-കൈവേലിക്കൽ വഴി മുളിയാത്തോട് വരെ 20 ക്യാമറകൾ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. പാത്തിപ്പാലത്തും ക്യാമറകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. വ്യാപാരികൾ, പ്രവാസി വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നിർവഹണം. പാലത്തായി, പുത്തൂർ ഓവുപാലം, ചമ്പാട് ഭാഗങ്ങളിലും ക്യാമറകൾ സ്ഥാപിക്കാൻ പ്രാദേശികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഗതാഗതനിയമ ലംഘനം, കവർച്ച, അനധികൃത പാർക്കിങ് തുടങ്ങിയവ കണ്ടെത്തി ഉടൻ നടപടികൾ എടുക്കാൻ ഇതോടെ സാധിക്കും. കൂടാതെ സദാസമയവും പാനൂരിലും പരിസരങ്ങളിലും പോലീസിന്റെ നിരീക്ഷണവും സാന്നിധ്യവും ഉറപ്പുവരുത്താനും കഴിയും. പാനൂർ ടൗണിലെ ഔപചാരിക ഉദ്ഘാടനം വൈകാതെ ഉണ്ടാകും