തെരുവു നായയുടെ ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തെരുവു നായയുടെ ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്ക്. അടിമലത്തുറ തീരത്താണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരില്‍ പിഞ്ചു കുഞ്ഞും ഭിന്ന ശേഷിയുള്ള യുവാവും അസം സ്വദേശിയും ഉള്‍പ്പെടുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു പെട്ടെന്നു പാഞ്ഞെത്തിയ നായയുടെ ആക്രമണം. വീടിനുള്ളിലും പുറത്തും നിന്ന കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടെ തലങ്ങും വിലങ്ങും ഓടി നടന്നു നായ കടിച്ചു.

കടിയേറ്റവരില്‍ ആകാശ് എന്ന ബാലന്റെ ഇടതു കാലിലെ മാംസം ചിന്നിപ്പോയി. രണ്ട് വയസുകാരന്‍ ക്രിസ്പിന്‍ദാസിനും കാലിലാണ് കടിയേറ്റത്. പുഷ്പ, പെറ്റിഷ്യ, പ്രവീണ്‍, സ്നേഹ, ഫ്രാന്‍സിസ്, സൗമ്യ, ലത, കെവിന്‍, ജോവാന്‍ജിരീസ്, വില്‍സണ്‍, സഫിയ സന്തോഷ്, ബിന്‍സിയര്‍, ഭിന്ന ശേഷിയുള്ള ശിലുവയ്യന്‍, അസം സ്വദേശി കൊച്ചു എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.

കടിയേറ്റവരെ ആദ്യം പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.

വളര്‍ത്തു നായക്കും തെരുവു നായയുടെ കടിയേറ്റു. ഏതാനും വര്‍ഷം മുന്‍പ് പുല്ലുവിളയില്‍ തെരുവു നായ്ക്കള്‍ വയോധികയെ കടിച്ചു കൊന്നിരുന്നു. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അടിമലത്തുറ, അമ്പലത്തിന്‍മൂല തീരത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

വന്ധ്യംകരണത്തിനു ശേഷം നായ്ക്കളെ ഇവിടെ തന്നെ തിരികെ കൊണ്ടു വിടാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ മാലിന്യ പ്രശ്‌നം ആണ് തെരുവ് നായ്ക്കള്‍ പെരുകാനുള്ള കാരണം. പഞ്ചായത്തില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.

മീഡിയ വിങ്സ്

spot_img

Related Articles

Latest news