യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവ ചരിത്രം, ഗുണങ്ങള്‍, കാഴ്ചപ്പാട് നേട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ചിത്രീകരിച്ച പുറത്തിറങ്ങാനിരിക്കുന്ന ‘ദി സായിദ്’ എന്ന ഹ്രസ്വ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു മലയാളി ബാലനാണ്. മലപ്പുറംപെരിന്തല്മണ്ണ സ്വദേശിയും കരാട്ടെ പരിശീലകനുമായ റഫീക്ക് റഹ്മാന്റെയും മാനന്തവാടി സ്വദേശിനി ഷഹര്ബാെന്റയും മകന് സാബ്രി റഹ്മാൻ. കുതിരസവാരി, മെയ് വഴക്കം, അനുഗുണമായ ശരീര പ്രകൃതി തുടങ്ങിയവ പരിഗണിച്ചാണ് സാബ്രിയെ തെരഞ്ഞെടുത്തത്. അറബി ഭാഷ നല്ല രീതിയില്‍ സംസാരിക്കുന്നതിനാല്‍ ചിത്രത്തിലെ ഡബ്ബിങ്ങും നടത്തിയത് സ്വന്തം.
അക്ഷരാർത്ഥത്തിൽ സകലകലാ വല്ലഭനാണ് സാബ്രി. കരാട്ടെ, തയ്ക്കൊണ്ടോ, കളരിപ്പയറ്റ്, ഡാന്‍സ്, കുതിര സവാരി, ഐസ് സ്കേറ്റിംഗ്, ഫുട്ബാള്‍, അത്ലറ്റിക്, മാരത്തോണ്‍, ചെസ്സ്, മാജിക്, അബാകസ്, റോളര്‍ സ്കേറ്റിങ്, ഡ്രംസ്, ജിംനാസ്റ്റിക്സ്, ഹുലാഹുപ്, അഭിനയം, കവിത, ഖുര്‍ആന്‍ പാരായണം, ഒരു 13 വയസുകാരൻ കഴിവു തെളിയിച്ച് മേഖലകളാണിത്. കഠിനാധ്വാനവും ചിട്ടയായ പരിശീലനവും കൊണ്ട് സ്വന്തമാക്കിയതാണിതെല്ലാം.
പിതാവിന്റെ ശിക്ഷണത്തില്‍ അഞ്ചാം വയസ്സില്‍ കരാട്ടെ അഭ്യാസിക്കാന്‍ തുടങ്ങിയ സാബ്രി ഒന്‍പതാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി. യു.എ.ഇ നാഷനല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് കത്തയിലും കുമിത്തയിലും 16 തവണ ചാമ്പ്യനായി. അന്തര്‍ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി എട്ട് തവണ കിരീടം. ജപ്പാന് കരാട്ടെ ഗ്രാന്റ് മാസ്റ്റര്സിന്റെ പരിശീലനത്തിനു കീഴില്‍ ഏഴു തവണ ഇന്റര്‍നാഷനല്‍ സെമിനാറില്‍ പങ്കെടുത്തു. ലോക തയ്ക്കൊണ്ടോ ഫെഡറേഷെന്റ ബ്ലാക്ക് ബെല്‍റ്റും ചെറുപ്രായത്തില്‍ത്തന്നെ അരയില്‍ചുറ്റി. ദുബൈയില്‍ നടന്ന ജെ.കെ.എസ് കപ്പ് നാഷനല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 12 വയസ്സില്‍ താഴെയുള്ളവരുടെ ഓപ്പണ്‍ കാറ്റഗറി ഫൈറ്റില്‍ ‘മാസ്റ്റര്‍ യങ്ങ് ചാമ്പ്യന്‍, 2018ല്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ നേടാനും കഴിഞ്ഞു.
ദിവസവും കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും പരിശീലനത്തിനായി നീക്കി വെക്കും. ഓരോ ദിവസവും മാറി മാറി വ്യത്യസ്ത ഇനങ്ങളിലാണ് പരിശീലനം. ഈ തിരക്കുകള്‍ക്കിടയിലും പഠനത്തിലും ഒന്നാമനാണ്. അല്‍ഐന്‍ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ഉന്നത ബഹുമതിയായ സ്പെഷ്യല്‍ പ്രിന്‍സിപ്പൾസ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കായിക മത്സരങ്ങളിലും സജീവം. അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച മാരത്തോണില്‍ ഒന്നാമനായിരുന്നു. സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ഇന്റര്‍നാഷണല്‍ ഐസ് സ്കേറ്റിംഗില്‍ മൈക്കല്‍ ജാക്സന്റെ നൃത്തം അവതരിപ്പിച്ച് സമ്മാനം കരസ്ഥമാക്കി. സ്കൂള്‍ തലത്തിലും ബ്ലു സ്റ്റാര്‍ സ്പോര്‍ട്സ് ഫെസ്റ്റിലും അത്ലറ്റിക്സ് വ്യക്തിഗത ചാമ്ബ്യനുമാണ്. ഷാര്‍ജയിലും ദുബൈയിലും നടന്ന ഇന്റര്‍നാഷണല്‍ ബ്രെയിന്‍ ഓ ബ്രെയിന്‍ അബാക്കസ് മത്സരങ്ങളിലും ചാമ്പ്യനായിട്ടുണ്ട്.
മറ്റൊരു ഇഷ്ട വിനോദമാണ് കുതിരസവാരി. ചെസ്സ്, ക്വിസ്, മാജിക് എന്നിവയ്ക്കു പുറമേ ഖുര്‍ആന്‍ ഒഴുക്കോടെ പാരായണം ചെയ്യും. അബൂദബി മലയാളി സമാജം, കെ.എം സി.സി, ഐ.എസ്.സി അല്‍ഐന്‍ എന്നിവര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. കൊളത്തൂര്‍ വല്ലഭട്ട കളരിയില്‍ കളരിയും അഭ്യസിക്കുന്നുണ്ട്. വാള്‍പ്പയറ്റ്, വടിപ്പയറ്റ്, ഉറുമി, നഞ്ചക്ക്, തോങ്ഫ, സായ് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും അതിസമര്‍ത്ഥനാണ്.
നൃത്തത്തോടും അതിയായ താല്പര്യമുണ്ട്. ഇന്റര്‍ യു.എ.ഇ സോളോ, ഗ്രൂപ്പ് നൃത്ത മത്സരങ്ങളില്‍ 14 തവണ ഒന്നാം സ്ഥാനം നേടി. 2017ല്‍ അബൂദബി ഹോച് പോച് നൃത്തമത്സരത്തില്‍ ‘ഫേസ് ഓഫ് ദി ഇയര്‍’ പുരസ്കാരം സ്വന്തമാക്കി. 2019 ല്‍ അബൂദബി ‘ബെസ്റ്റ് ഡാന്‍സര്‍’ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം അബൂദബി ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ഡാന്‍സ് മത്സരത്തില്‍ സഹോദരന് ലോത്ഫി റഹ്മാനൊപ്പം സ്വന്തമാക്കിയ വിജയമാണ് ഒടുവിലത്തെ നേട്ടം. 10,000 ദിര്‍ഹമായിരുന്നു സമ്മാന തുക.
അല്‍ഐനിലെ അല്‍ ഐനാവി ജിം, കരാട്ടെ ഉടമയാണ് പിതാവ് റഫീഖ്. ലോത്ഫി റഹ്മാനും സഹോദരന്റെ പാത പിന്തുടരുകയാണ്. അല്‍ ഐനിലെ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാബ്രി. ലോട്ഫി രണ്ടാം ക്ലാസിലും.
കടപ്പാട് : ശമീറുൽ ഹഖ്, തിരുത്തിയാട് (മാധ്യമം)