പാർട്ടി വിരുദ്ധ പ്രചരണത്തിന് തന്റെ പേരും ചിത്രവും ഉപയോഗിക്കരുത്
തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്നും മറ്റു ചുമതലകൾ നിശ്ചയിച്ചാൽ അത് അനുസരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലർ പാർട്ടിക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തന്നെ സ്ഥാനാർത്ഥിയോ മന്ത്രിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുവരെ സ്ഥാനാർത്ഥിയും മന്ത്രിയുമായത് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. അതുകൊണ്ട് തന്റെ പേരും ചിത്രവും പാർട്ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നതായി തോമസ് ഐസക്ക് പറഞ്ഞു.