‘രാജ്യസഭ ബാക്കിയുണ്ടെങ്കില്‍ ഇനിയും വരാം’ – യാത്രയയപ്പ് ചടങ്ങില്‍ ബി.ജെ.പിയെ ട്രോളി വഹാബ്

വഹാബിനും രവിക്കും രാഗേഷിനും രാജ്യസഭയിൽ യാത്രയയപ്പ്

ന്യൂഡല്‍ഹി: രാജ്യസഭാംഗത്വ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും ട്രോളി മുസ്ലിംലീഗിലെ പി.വി അബ്ദുല്‍ വഹാബ്. രാജ്യസഭ ഇവിടെ ബാക്കിയുണ്ടെങ്കില്‍ ഇനിയും വരമാമെന്നായിരുന്നു വഹാബിന്റെ മുന വച്ചുള്ള തമാശ.

ഡല്‍ഹിയിലെ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറച്ച്‌ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന രാജ്യ തലസ്ഥാന ബില്ല് ബുധനാഴ്ച രാജ്യസഭ പാസാക്കിയിരുന്നു. ബില്ലിനെയും പ്രഖ്യാപിച്ച രാജ്യസഭാ തെരഞ്ഞെടുപ്പ് പെട്ടെന്ന് നീട്ടി വച്ചതിനെയും പരാമര്‍ശിച്ചായിരുന്നു വഹാബിന്റെ പ്രതികരണം.
രാജ്യസഭ ഇനിയും ഇവിടെ ബാക്കിയുണ്ടാവുമെങ്കില്‍ അംഗമായി വരാന്‍ ശ്രമിക്കും. ഇന്നലെ ഡല്‍ഹിയില്‍ അധികാരം കൂടുതലായി ലഫ്.ഗവര്‍ണര്‍ക്ക് നല്‍കി. അതുപോലെ ഇനി രാജ്യസഭയുടെ അധികാരം വേറെ ആര്‍ക്കെങ്കിലും നല്‍കുമോയെന്ന് അറിയില്ല- വഹാബ് പരിഹസിച്ചു

പ്രതിപക്ഷ – ഭരണപക്ഷ വ്യത്യാസമില്ലാതെ വഹാബിന്റെ തമാശ ഏറ്റെടുക്കുകയും ചെയ്തു. അടല്‍ ബിഹാരി വാജ്പേയ്, ഡോ. മന്‍മോഹന്‍ സിങ്, നരേന്ദ്രമോദി എന്നിവരുടെ സര്‍ക്കാരിന്റെ കാലത്ത് 12 വര്‍ഷത്തോളം രാജ്യസഭയില്‍ അംഗമാവാന്‍ കഴിഞ്ഞെന്നും വഹാബ് ഓര്‍മിച്ചു.

രാജ്യസഭ ഇവിടെ തന്നെ ഉണ്ടാകുമെന്നും ദൈവം സഹായിച്ചാല്‍ താങ്കള്‍ക്ക് വീണ്ടുമെത്താമെന്നും വഹാബിന് ചെയര്‍മാന്‍ വെങ്കയ്യ നായിഡു മറുപടി നല്‍കി.
കാലാവധി പൂര്‍ത്തിയാക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിക്കും സി. പി. എമ്മിന്റെ കെ. കെ. രാഗേഷിനും ഇതോടൊപ്പം യാത്രയയപ്പ് നല്‍കി. നാലു ഘട്ടങ്ങളില്‍ രാജ്യസഭാംഗമായ രവി, നന്ദി പ്രസംഗത്തിനിടെ ഒന്നിലധികം തവണ വിതുമ്പുകയും ചെയ്തു.

spot_img

Related Articles

Latest news