തിരുവനന്തപുരം: മുഖ്യമന്ത്രി വികസനം പറയുമ്പോള്‍ ഇസ്ലാമിക വിരുദ്ധതയിലും ഹിന്ദുത്വ അജണ്ടയിലും ആഴ്ന്ന് ന്യൂനപക്ഷങ്ങളുടെ മെയ്ക്കിട്ടുകയറി എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടിയായ സി.പി.എം ആക്ടിങ് സെക്രട്ടറി. വികസനത്തില്‍ തെരഞ്ഞെടുപ്പ് അജണ്ട സൃഷ്ടിക്കാന്‍ പുറപ്പെട്ട സി.പി.എം, ഭൂരിപക്ഷ വോട്ട് ലക്ഷ്യമിട്ട് യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തിയ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ പുല്‍കിയെന്നാണ് ആക്ഷേപം.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്നാണ് ഭരണതുടര്‍ച്ചക്കായി വികസനം ചര്‍ച്ചയാക്കാന്‍ എല്‍.ഡി.എഫ് തീരുമാനം. പക്ഷേ, ഉമ്മന്‍ ചാണ്ടി വിഷയമാക്കിയ ശബരിമല സ്ത്രീ പ്രവേശനം ബി.ജെ.പിയും ഏറ്റെടുത്തു. ആദ്യ നിലപാട് മാറ്റി എന്‍.എസ്.എസ് കോണ്‍ഗ്രസ് നിലപാടിനെ പിന്തുണച്ചത് സി.പി.എമ്മിന് തിരിച്ചടിയായി. ശബരിമല പ്രശ്നകാലത്തെ കേസ് പിന്‍വലിക്കണമെന്ന ആവശ്യം കൂടി കോണ്‍ഗ്രസും ബി.ജെ.പിയും ഉയര്‍ത്തിയത് സി.പി.എമ്മിനെ വെട്ടിലാക്കുകയും ചെയ്തു.
വികസന രാഷ്ട്രീയം മാത്രം വോട്ടായി മാറില്ലെന്ന ആശങ്കയാണ് ഭൂരിപക്ഷ സമുദായ, മുന്നാക്ക വോട്ടിലേക്ക് കണ്ണയക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. വൈരുധ്യാത്മക ഭൗതികവാദ വിവാദത്തില്‍ വിശ്വാസികളെ ചേര്‍ത്തുപിടിച്ച എം.വി. ഗോവിന്ദന്റെ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ന്യൂനപക്ഷ സംഘടന വിരുദ്ധ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് യാത്രക്ക് എതിരെയുള്ള പ്രസ്താവന കൈപൊള്ളിയതോടെ തല്ക്കാലം പിന്‍വാങ്ങി. പക്ഷേ, ബുധനാഴ്ച പച്ചക്ക് ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയോടെ അദ്ദേഹം വീണ്ടും കളംപിടിച്ചു. ‘ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയത’ പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞു.
വ്യാഴാഴ്ചത്തെ അദ്ദേഹത്തിന്റെ വ്യാഖ്യാനമാവട്ടെ കൂടുതല്‍ വിവാദത്തിലേക്ക് സി.പി.എമ്മിനെ എത്തിച്ചു. ‘ന്യൂനപക്ഷ വര്‍ഗീയത നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിന്റെ വര്‍ഗീയത’യെന്ന് പറഞ്ഞ അദ്ദേഹം, ‘ഭൂരിപക്ഷം എന്ന് പറഞ്ഞാല്‍ എണ്ണത്തില്‍ കൂടുതല്‍ എന്നാണ് അര്‍ഥമെന്നും എണ്ണത്തില്‍ കൂടുതലുള്ള ഭൂരിപക്ഷത്തിന്റെ വര്‍ഗീയതയാണ് ഏറ്റവും അപകടകരം’ എന്നും വിശദീകരിച്ചു.
സംസ്ഥാനത്തെ ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങളെ കൂട്ടിക്കെ ട്ടി ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ആക്ഷേപം. കേരള കോണ്‍ഗ്രസ്(എം)ന്റെ വരവോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒപ്പം എത്തിയ ക്രൈസ്തവ വോട്ടുകളെ കൂടി ഇത് ബാധിക്കുമെന്ന ആശങ്ക സി.പി.എമ്മിലും എല്‍.ഡി.എഫിലുമുണ്ട്.