നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി നടപടിയില്‍ അപാകതയില്ലെന്ന് ഹെെക്കോടതി പറഞ്ഞു.

ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു.
ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അനുവദിച്ചിരുന്നില്ല.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും തുടരന്വേഷണത്തില്‍ തെളിവു ലഭിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞത്. കേസില്‍ സാക്ഷികളായ വിപിൻലാല്‍, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങള്‍ നശിപ്പിച്ചതിനും തെളിവുകളുണ്ടെന്നും ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണ കോടതി ഹരജി തള്ളിയതെന്നുമായിരുന്നു ക്രൈംബ്രാഞ്ചിൻറെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥൻറെ എതിർ വിസ്താരം നടക്കുന്നതായി പ്രോസിക്യൂഷനും അറിയിച്ചു.

spot_img

Related Articles

Latest news