ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങളെ അവഗണിച്ചുകൊണ്ട് തങ്ങളുടെ കമ്പനി ഒരിക്കലും വാക്സിനുകള്‍ കയറ്റുമതി ചെയ്തിട്ടില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ മേധാവി അദാര്‍ പൂനാവാല. രാജ്യത്തെ വാക്സിന്‍ ഡ്രെെവിനെ പിന്തുണയ്ക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അസ്ട്രാ സെനെക്കയുടെ കൊവിഡ് വാക്സിന്‍ ഉത്പാദനം തുടരുമെന്നും വര്‍ഷാവസാനത്തോടെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്നും പൂനാവാല അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ പ്രധാന വാക്സിന്‍ നിര്‍മാതാക്കളാണ്. നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്സിനു നിശ്ചയിച്ച വില ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കാന്‍ നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്നായിരുന്ന റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് കാരണമായത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ ഒരു മാസം മുന്‍പാണ് മറ്റു രാജ്യങ്ങളിലേക്കുളള വാക്സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചത്. അതിനു മുന്‍പ് 60 ദശലക്ഷത്തോളം ഡോസ് വാക്സിന്‍ ഡോസുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കുകയോ സംഭാവന നല്‍കുകയോ ചെയ്തിട്ടുണ്ട്.