കൈകൂലിപ്പണവുമായി ആർടിഓഫീസിൽ നിന്ന് ഏജന്‍റ് ഇറങ്ങിയോടി; പിന്നാലെ വിജിലൻസ് സംഘവും

കോട്ടയം: സംസ്ഥാന വ്യാപകമായി ആർ.ടി.ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കായി എത്തിയപ്പോൾ ആർ.ടി.ഒ ഏജന്റ് ഓഫീസിൽ നിന്നും ഇറങ്ങിയോടി. കൈക്കൂലിപ്പണം കയ്യിലിരിക്കെയാണ് വിജിലൻസ് സംഘം എത്തിയപ്പോൾ ഏജന്റ് ഓടി രക്ഷപെട്ടത്. വിജിലൻസ് സംഘം ഇയാളുടെ പിന്നാലെ കളക്ടറേറ്റ് വളപ്പിന് പുറത്തേയ്ക്കു ഓടിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ശനിയാഴ്ച കോട്ടയം ആർ.ടി ഓഫീസിൽ എത്തിയ വിജിലൻസ് സംഘത്തെക്കണ്ടാണ് ആർ.ടി.ഒ ഏജന്റ് ഓടിരക്ഷപെട്ടത്.

ശനിയാഴ്ച ഉച്ചയോടെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിർദേശാനുസരണം വിജിലൻസ് സംഘം ആർ.ടി ഓഫീസിൽ എത്തിയത്. വേഷം മാറിയാണ് വിജിലൻസ് സംഘത്തിലെ ചില ഉദ്യോഗസ്ഥർ ഇവിടെ എത്തിയത്. തുടർന്ന് ഇവർ ഓഫീസിന്റെ വരാന്തയിലേയ്ക്കു കയറിയ ഉടൻ തന്നെ, ആർ.ടിഒ ഏജന്റായ അജിത് ഓഫീസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇയാളുടെ പിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥനായ സ്റ്റാൻലിയും ഓടി. പിന്നീട് കളക്ടറേറ്റ് വളപ്പിൽ നിന്നും പുറത്തേയ്ക്ക് ഓടി. എന്നാൽ ഏജന്‍റ് ലോഗോസ് ജംഗ്ഷൻ വഴി ഓടി രക്ഷപെട്ടു.

കോട്ടയം ആർ.ടി.ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ ഗൂഗിൾ പേയിലേയ്ക്ക് ഏജന്റുമാർ കൈക്കൂലി പണം കൈമാറുന്നതായി വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ വീട്ടിലെ വൈദ്യുത ബില്ലും, ഫോൺ ബില്ലും എല്ലാം അടച്ചു നൽകിയെന്ന് വിജിലൻസ് സംഘം കണ്ടെത്തി. കൈക്കൂലി തുക കൈപ്പറ്റിയിരുന്ന ഏജന്റുമാരെയും, ഈ തുക ഗൂഗിൾ പേ വഴി അയച്ചു നൽകിയത് സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥരെയും വിജിലൻസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആർ.ടി.ഓഫീസിലെ ഏജന്റുമാരെയും, ഉദ്യോഗസ്ഥരെയും വിജിലൻസ് നിരീക്ഷിക്കുകയാണ്. ഇതിന്റെ തുടർനടപടികൾ വരും ദിവസങ്ങളിലും ഉണ്ടാകും.

spot_img

Related Articles

Latest news