റിയാദ്: സിറാജ് ദിനപത്രത്തിൻ്റെ തിരുവന്തപുരം റിപ്പോർട്ടർ ആയിരുന്ന കെ എം ബഷീറിൻ്റെ കൊലയാളി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ്) റിയാദ് സെൻട്രൽ ശക്തമായി പ്രതിഷേധിച്ചു.
“ഒപ്പമില്ല കേരളം, കളങ്കിതനെ മാറ്റുക” എന്ന പ്രമേയത്തിൽ ബത്ഹ അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പ്രതിഷേധകൂട്ടം, സർക്കാരിൻ്റെ തെറ്റായ തീരുമാനത്തിലുള്ള പ്രവാസ ലോകത്തിൻ്റെ അമർഷവും വിയോജിപ്പും രേഖപ്പെടുത്തി ശക്തമായി പ്രതിഷേധിച്ചു. സാഹചര്യങ്ങളുടെ പരിമിതികൾക്കുള്ളിലും, വഴിവിട്ട നിയമനത്തിനെതിരെ മുദ്രാവാക്യ വിളികൾ ഉയർന്നു എന്നത് പ്രതിഷേധത്തിന് കൂടുതൽ കരുത്തേകി.
കേരള മുസ്ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി സൈഫുദ്ധീൻ ഹാജി പ്രതിഷേധകൂട്ടം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്തിൻ്റെയും മാധ്യമ പ്രവർത്തകരുടെയും ബഷീറിൻ്റെ സുഹൃത്തുക്കളുടേയും സമ്മർദ്ധത്തിൻ്റെ ഫലമായി ആദ്യ ഘട്ടത്തിൽ നല്ല നിലയിൽ കേസ് കൈകാര്യം ചെയ്‌ത സർക്കാർ പിന്നീട് നിലപാട് മാറ്റിയത് എന്തിൻ്റെ പേരിലാണെന്നു വ്യക്തമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. സർവേ ഡയറക്ടറായി നിയമിതനായത്തിന്റെ ഭാഗമായി പെൺസുഹൃത്തിനൊപ്പം നടത്തിയ ആഘോഷ തിമിർപ്പിൽ, കുടിച്ചു കൂത്താടി കാറോടിച്ചാണ് അയാൾ ബഷീറിനെ കൊന്നത്. ഐ എ എസ് ഓഫീസർക്ക് കിട്ടാവുന്ന എല്ലാവിധ പിന്തുണയും നേടിയെടുത്ത വെങ്കിട്ടരാമൻ, കേസിൽ നിന്ന് രക്ഷപെടാനുള്ള എല്ലാ വഴികളും ഒരുക്കി. കേരള മുസ്ലിം ജമാഅത്തിൻ്റെ നിരന്തരമായ ഇടപെടൽ വഴി ശരിയായ രീതിയിൽ അന്വേഷണം നടത്തിപ്പിക്കാൻ കഴിഞ്ഞു. എ ഡി ജി പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കി കാര്യക്ഷമവും കുറ്റമറ്റതുമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെടുകയും കേസിൻ്റെ ഗൗരവം മനസിലാക്കി മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജില്ലാ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. ഇതിനിടയിൽ അനാവശ്യമായി വകുപ്പ് തല അന്വേഷണം നടത്തി, ദുർബല ന്യായങ്ങൾ അവതരിപ്പിച്ചു അയാളെ ഉദ്യോഗങ്ങളിൽ പ്രതിഷ്ഠിക്കാൻ സർക്കാർ കാണിക്കുന്ന ധൃതി അനുവദിച്ചു നൽകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡണ്ട് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ന്യായീകരിക്കാൻ കഴിയാത്ത അനാസ്ഥയാണ് കെ എം ബഷീർ കൊലപാതക കേസിൽ ഉണ്ടായിരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ, യോഗ്യതയുടെഅടിസ്ഥാനത്തിൽ മാത്രം ലഭിച്ച
സ്ഥാനമാനങ്ങൾ രാജി വെക്കണമെന്ന, ചിലരുടെ ആഹ്വാനം അവരുടെ പ്രതിഷേധത്തിൻ്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു
ജനാധിപത്യ സർക്കാറുകൾ, ജനകീയ സമരങ്ങൾക്ക് മുന്നിൽ പല തീരുമാനങ്ങളും റദ്ദ് ചെയ്ത ചരിത്രമാണ് ഉള്ളതെന്നും തെറ്റുകൾ തിരുത്തുന്നത് തോൽവിയായി ഇടതുപക്ഷ സർക്കാർ കാണേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു.
നസറുദ്ദീൻ വി ജെ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം) നവാസ്. (OICC) ഷാഫി മാസ്റ്റർ ( KMCC) ലുക്മാൻ പാഴൂർ (ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് ജനറൽ സെക്രട്ടറി) സുഹൈൽ നിസാമി (ആർ എസ് സി ട്രൈനിങ് കൺവീണർ)
അബ്ദുള്ള സഖാഫി ഓങ്ങല്ലുർ (ഐ സി എഫ് ദഈ) എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് സംഘടനാ കാര്യ സെക്രട്ടറി
അഷറഫ് ഓച്ചിറ സംഗ്രഹം നടത്തി.
ഐ സി എഫ് നാഷണൽ വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് ഉമർ പന്നിയൂർ പ്രാർത്ഥന നിർവഹിച്ചു തുടങ്ങിയ പ്രതിഷേധകൂട്ടം പരിപാടി ഐ സി എഫ് റിയാദ് അഡ്മിൻ ആൻഡ് പബ്ലിക് റിലേഷൻ സമിതി പ്രസിഡണ്ട് ഹസൈനാർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഇൻ ചാർജ്ജ് ജബ്ബാർ കുനിയിൽ സ്വാഗതവും സംഘടന കാര്യ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.