കരിയംകാട് വീട്ടില്‍ ഇനി ജസീറും റംലയും മാത്രം
പാലക്കാട്: പാലക്കാട് കുനിശ്ശേരിയിൽ കളിക്കുന്നതിനിടെ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. കുനിശ്ശേരി കരിയക്കാട്ട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.
കൈയ്യിൽ അഴുക്ക് പുരണ്ടതിനെതുടർന്ന് കഴുകാൻ പോയപ്പോഴാണ് ദാരുണമായ അപകടം. വീടിന്റെ പിന്‍ഭാഗത്ത് പാത്രങ്ങള്‍ കഴുകികൊണ്ടിരിക്കെ കുട്ടികള്‍ കളിക്കാന്‍ പോയത് ഉമ്മ റംല അറിഞ്ഞിരുന്നില്ല. സാധാരണ പുറത്ത് എവിടെയും പോകാത്ത കുട്ടികള്‍ പുറത്തുപോയതറിഞ്ഞ മാതാവ് റംലക്ക് എന്തോ വിഷമം തോന്നി.
വേഗത്തില്‍ പാത്രങ്ങള്‍ കഴുകിവെച്ചശേഷം കുട്ടികളെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് ഇവരുടെ കൂടെ പോയ കുറച്ചകലെയുള്ള വീട്ടിലെ ഏഴുവയസ്സുകാരിയായ ശ്രുതി കരഞ്ഞുകൊണ്ട് ഓടിവരുന്നത് കണ്ടത്. അങ്ങനെയാണ് റംല അപകട വിവരം അറിയുന്നത്.
റംലയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് കുട്ടികളെ മുങ്ങിയെടുത്തത്. അയൽക്കാരായ ഗഫൂറും ഷാജഹാനും യാക്കൂബും ചേർന്ന് കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. മിടിപ്പുണ്ടെന്ന് തോന്നിയതിനെ തുടർന്ന് ഒട്ടും സമയം കളയാതെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ, മൂവരും മരിച്ചുവെന്ന വിവരമറിഞ്ഞതോടെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവരും ദുഃഖത്തിലായി.
തങ്ങളുടെ എല്ലാമായിരുന്ന മൂന്നു കുരുന്നുകള്‍ വളരുന്നതും കാത്തിരിന്ന്, അവര്‍ക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുകയായിരുന്നു ഇരുവരും. ജസീര്‍ ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം, മക്കളുടെ ആവശ്യങ്ങള്‍ക്ക് തികയാതെ വരുമെന്ന് ഓര്‍ത്ത് ഭാര്യ റംല തയ്യല്‍ ജോലിയും ചെയ്യുന്നുണ്ടായിരുന്നു.
മധുര പലഹാരവുമായി വരാമെന്ന് പറഞ്ഞ് കൈവീശി, യാത്ര പറഞ്ഞുപോയ പിതാവ്, പിന്നെ അറിയുന്നത് അരുമ മക്കളായ മൂവരുടെയും വേര്‍പാട്. ജസീറിന്റെയും റംലയുടെയും നെഞ്ച് തുളച്ചുകയറുന്ന ദുഃഖത്തിന് പകരംവെക്കാന്‍ ആര്‍ക്കും സമാശ്വാസ വാക്കുകള്‍ ഇല്ലായിരുന്നു.