രാഷ്ട്രീയത്തിനതീതമായി കേരളീയ സമൂഹം ഏറ്റെടുത്ത വാക്സിൻ ചലഞ്ചിൽ മുഴുവൻ പ്രവാസികളും അണിനിരക്കണമെന്നും കുറഞ്ഞത് ഒരു വാക്സിനുള്ള തുകയെങ്കിലും മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് സംഭാവന നൽകണമെന്നും നവോദയ അഭ്യർത്ഥിച്ചു.
അംഗങ്ങളുടെയും പൊതു സമൂഹത്തിന്റെയും സഹായത്തോടെ ഇരുപത്തയ്യായിരം വാക്സിൻ നൽകാനാണ് നവോദയ ആഗ്രഹിക്കുന്നത്. ഇതിനോടകം നിരവധി പ്രവാസികൾ ഇത് ഏറ്റെടുക്കുകയുണ്ടായി. നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും ഒരുമയോടെ നിന്ന് നാടിനെ സഹായിച്ച പ്രവാസികൾ ഈ ഘട്ടത്തിലും സഹജീവി സ്നേഹത്തിന്റെ ഭാഗമാകണം.
രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടത്തിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച കൂട്ടായ്മ, ഓക്സിജൻ കിട്ടാതെ ജീവന് വേണ്ടി പിടയുന്ന മനുഷ്യ ജീവനുകളെ കാണാതിരിക്കുകയും ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സാമൂഹ്യവും സാമ്പത്തികവുമായ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറി സ്വയം നിർവ്വഹിക്കുവാൻ ആഹ്വാനം നൽകുകയും ചെയ്യുന്ന ഒരു കേന്ദ്ര ഭരണകൂടമാണ് നമുക്ക് ഉള്ളതെന്ന് ആരോപിച്ചു.
തികച്ചും വ്യത്യസ്ഥമായ രാഷ്ട്രീയ സമീപനവും, നയവും ഉയർത്തി കാട്ടി ജനങ്ങൾക്ക് സാർവ്വത്രികവും സൗജന്യവുമായ ആരോഗ്യ പരിപാലനവും വാക്സിനേഷനും നൽകുന്ന കേരള സർക്കാരിന്റെ പ്രവർത്തനം അഭിനന്ദനവും അഭിമാനകരവുമാണ്. അതേ സമയം, സാമൂഹ്യ ഉത്തരവാദിത്വം സ്വകാര്യ കമ്പനികളെ ഏൽപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് അവസരം ഒരുക്കി നൽകുകയും ഒരു വാക്സിന് തന്നെ വ്യത്യസ്തമായ വിലകളിൽ വിൽക്കുന്നതിലൂടെ അരാജകത്വവും സംസ്ഥാന സർക്കാരുകളുടെ മേൽ വൻ സാമ്പത്തിക ഭാരവും അടിച്ചേൽപ്പിച്ച് വാഗ്ദാന ലംഘനവും ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവും നടത്തുകയാണ് കേന്ദ്രസർക്കാർ.
അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു ജനതയെ തളച്ചിടുന്ന സമീപനത്തിനെതിരെ യുക്തിപരവും, ശാസ്ത്രീയവുമായ സമീപനവും, നിലപാടും പ്രതിഷേധം ഉയർന്നു വരണം. ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗവും കൂടിയാണ് ഈ വാക്സിൻ ചലഞ്ച്. We stand with Vaccine challenge of Kerala എന്ന ഈ ക്യാമ്പയിനിൽ എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാകണമെന്ന് നവോദയ അഭ്യർത്ഥിച്ചു.