തിരുവനന്തപുരം: ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടികക്ക് ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ അന്തിമരൂപം നല്‍കും. തുടര്‍ന്ന് പട്ടിക കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കും. അതിന് മുമ്പായി എന്‍.ഡി.എ ഘടകകക്ഷികളുടെ സീറ്റുകള്‍ സംബന്ധിച്ച കാര്യങ്ങളിലും അന്തിമതീരുമാനം കൈക്കൊള്ളും. ബി.ജെ.പി നൂറിലധികം സീറ്റുകളിലാകും മത്സരിക്കുക.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ്ജോഷി, വി. മുരളീധരന് എന്നിവരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച പ്രധാന നേതാക്കള്‍ ചേര്‍ന്നിരുന്ന് സ്ഥാനാര്‍ഥി പരിഗണനാപട്ടികയുടെ പരിശോധന നടത്തി. ഓരോ മണ്ഡലത്തിലും മത്സരിക്കേണ്ട മൂന്നുപേരുടെ വീതം പട്ടികയാണ് പലയിടങ്ങളില്‍നിന്നും സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു പേര് മാത്രമാണ് ഉയര്‍ന്നിട്ടുള്ളതും.
വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അമിത് ഷായുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകീട്ട് നാലിന് ബി.ജെ.പി കോര്‍കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതില്‍ ഈ പട്ടിക സംബന്ധിച്ച് അന്തിമതീരുമാനമാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. എന്‍.ഡി.എയില്‍ സീറ്റ് ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. ബി.ഡി.ജെ.എസുമായി പ്രാഥമികഘട്ട ചര്‍ച്ച പൂര്‍ത്തിയായി. പി.സി. ജോര്‍ജുമായി ആശയവിനിമയം തുടരുകയാണ്. ചില മണ്ഡലങ്ങളില്‍ മറ്റ് പാര്‍ട്ടികളില്‍ പെട്ട ചിലര്‍ സമീപിച്ചിട്ടുണ്ട്. അവരുമായും ചര്‍ച്ച പുരോഗമിക്കുകയാണ്. പാര്‍ട്ടിയിലേക്ക് വരുന്നവരെ ഉടന്‍ സ്ഥാനാര്‍ഥികളാക്കുന്ന കീഴ്വഴക്കം ബി.ജെ.പിക്കില്ല. 35-40 സീറ്റുകളില്‍ വിജയിച്ചാല്‍ എന്‍.ഡി.എ കേരളം ഭരിക്കുമെന്നും കെ. സുരേന്ദ്രന് ആവര്‍ത്തിച്ചു.