വനിതാ ദിനത്തില്‍ ചുമതല വനിതാ ഓഫീസര്‍ക്ക്

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കും.

വനിതാ ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്ള സ്റ്റേഷനുകളില്‍ അവര്‍ ഈ ദിവസം സ്റ്റേഷന്റെ ചുമതല വഹിക്കും. സ്റ്റേഷനുകളില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളില്‍ ലഭ്യമാക്കും. വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ അവര്‍ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും ആ ദിവസം വനിതാ ഉദ്യോഗസ്ഥയായിരിക്കും.

അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തില്‍ വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം സുരക്ഷാഡ്യൂട്ടിക്ക് വനിതാ കമാന്‍ഡോമാരെ നിയോഗിക്കും. കൂടാതെ രാജ്ഭവനിലും ആ ദിവസം വനിതാ കമാന്‍ഡോകളെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തും. ഹൈവേ പട്രോള്‍ വാഹനങ്ങളിലും അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.

വനിതാ ദിനത്തോടനുബന്ധിച്ച്‌ ഓരോ ജില്ലയിലും സി.സി.റ്റി.എന്‍.എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്‌കാരം നല്‍കും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരളാപോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടികള്‍.

spot_img

Related Articles

Latest news