തിരുവനന്തപുരം: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ കീഴില്‍ പാലക്കാട് ഡിവിഷനില്‍ നിന്നും 15 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരമുള്ളതാക്കി മാറ്റുന്നു.
ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂര്‍, കാസര്‍കോട്, മംഗളൂരു ജംഗ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, ഷോര്‍ണൂര്‍, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്ബൂര്‍, കുറ്റിപ്പുറം, തിരൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഓരോന്നിനും 10 കോടി രൂപയുടെ വികസനം സാധ്യമാക്കും. രാജ്യത്ത് 1,000 റെയില്‍വേ സ്റ്റേഷനുകള്‍ പദ്ധതിക്ക് കീഴില്‍ വരുമെന്നും കേരളത്തിന്റെ റെയില്‍വേ വികസനത്തിനൊപ്പം ഉണ്ടാകുമെന്നും ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് പറഞ്ഞു.
സ്റ്റേഷനുകളുടെ നവീകരണത്തിനായി റെയില്‍വേ മന്ത്രാലയം രൂപീകരിച്ച പുതിയ നയമായ അമൃത് ഭാരത് സ്റ്റേഷന്‍, ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റിയെഴുതാന്‍ പോവുകയാണ്. ദീര്‍ഘകാല ഉപയോഗത്തിനായി, സ്റ്റേഷനുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി വിനിയോഗിച്ച് ലോകോത്തര നിലവാരത്തിലേക്ക് സ്റ്റേഷനുകളില്‍ വികസനം നടപ്പിലാക്കും. ആയിരത്തിലധികം സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കും. സ്റ്റേഷനില്‍ നിലവിലുള്ള വിവിധ വെയ്റ്റിങ് ഹാളുകള്‍ കൂട്ടിച്ചേര്‍ക്കാനും യാത്രക്കാര്‍ക്ക് നല്കുന്ന സൗകര്യങ്ങള്‍ വികസിപ്പിക്കാനും നല്ല കഫറ്റീരിയയും റീട്ടെയില്‍ സൗകര്യങ്ങളും ഒരുക്കാനും പദ്ധതി വഴി ശ്രമിക്കും. എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ക്കും ചെറുകിട ബിസിനസ് മീറ്റിംഗുകള്‍ക്കുമുള്ള സ്ഥലങ്ങളും ഇവിടെയുണ്ടാകും.
എല്ലാ വിഭാഗത്തിലുള്ള സ്റ്റേഷനുകളിലും ഭിന്നശേഷിക്കാര്‍ക്ക് മതിയായ എണ്ണം ശുചിമുറികള്‍ നല്കണമെന്നും നയത്തില്‍ പറയുന്നു. ടോയ്ലറ്റുകളുടെ സ്ഥാനം സ്റ്റേഷന്‍ ഉപയോഗത്തിന് അനുയോജ്യവും എളുപ്പത്തില്‍ കാണാവുന്നതും എത്തിപ്പെടുവാന്‍ സാധിക്കുന്നതും ആയിരിക്കണം.
സ്റ്റേഷനുകള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കാതെ എസ്‌കലേറ്ററുകള്‍ നല്‍കാം എന്നും ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ ആക്‌സസ് നല്‍കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കിയേക്കാം എന്നും നയത്തില്‍ പറയുന്നു. മാസ്റ്റര്‍ പ്ലാനില്‍ 5G ടവറുകള്‍ക്ക് അനുയോജ്യമായ ഇടങ്ങള്‍ ഉണ്ടായിരിക്കണം.
എല്ലാ വിഭാഗം റെയില്‍വേ സ്റ്റേഷനുകളിലും ഹൈ ലെവല്‍ പ്ലാറ്റ്ഫോമുകള്‍ (760 മുതല്‍ 840 മില്ലിമീറ്റര്‍ വരെ) നല്‍കും. സാധാരണയായി പ്ലാറ്റ്ഫോമുകളുടെ നീളം 600 മീറ്റര്‍ ആണ്. പ്ലാറ്റ്ഫോം പ്രദേശത്തെ ഡ്രെയിനേജ് സൗകര്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കും.