അറബ് മണ്ണിൽ തേരോട്ടമായി അർജൻ്റീന : ഓസ്ട്രേലിയെ 2-1 ന് പരാജയപ്പെടുത്തി ക്വാർട്ടറിൽ

 

ഖത്തര്‍ ലോകകപ്പിലെ ഫേവറിറ്റുകളില്‍ ഒന്നായ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഇന്ന് പ്രീക്വാര്‍ട്ടറില്‍ ആവേശകരമായ പോരാട്ടത്തിന് ഒടുവില്‍ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സിയും സംഘവും ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.ക്വാര്‍ട്ടറില്‍ നെതര്‍ലന്റ്സ് ആകും അര്‍ജന്റീനയുടെ എതിരാളികള്‍.

പതിയെ കളി തുടങ്ങിയ അര്‍ജന്റീന ആദ്യ പകുതിയില്‍ കാര്യമായി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. പാസ് ചെയ്ത് പന്ത് കൈവശം വെച്ച്‌ സമ്മര്‍ദ്ദം ഇല്ലാതെ കളിച്ച അര്‍ജന്റീനക്ക് ആദ്യ നല്ല അവസരം വരുന്നത് 35ആം മിനുട്ടില്‍ ആണ്. മകാലിസ്റ്റര്‍ തുടങ്ങിയ അറ്റാക്ക് ഒറ്റമെന്‍ഡിയില്‍ എത്തി. അദ്ദേഹം പെനാള്‍ട്ടി ബോക്സിലേക്ക് നീങ്ങിയ മെസ്സിക്കും നല്‍കി. മെസ്സി ഓസ്ട്രേലിയന്‍ ഡിഫന്‍ഡേഴ്സിന്റെ കാലിനടിയിലൂടെ തൊടുത്ത ഷോട്ട് വലയില്‍. അര്‍ജന്റീന 1-0.മെസ്സിയുടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ ഗോളായി ഈ ഗോള്‍ മാറി.ആദ്യ പകുതിയിലെ അര്‍ജന്റീനയുടെ ഏക ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ഇത് ആയിരുന്നു. ഓസ്ട്രേലിയക്ക് ഒരു ഗോള്‍ ശ്രമം വരെ ടാര്‍ഗറ്റിലേക്ക് ഉണ്ടായിരുന്നില്ല.

രണ്ടാം പകുതിയിലും ഓസ്ട്രേലിയ അറ്റാക്കുകള്‍ നടത്താന്‍ പ്രയാസപ്പെട്ടു. അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ ഒരു ഓസ്ട്രേലിയന്‍ സമ്മാനം ആയിരുന്നു. ഓസ്ട്രേലിയ ഗോള്‍ കീപ്പര്‍ റയാന്റെ പിഴവില്‍ നിന്ന് വന്ന ഗോള്‍. തക്കം പാര്‍ത്തു നിന്ന് അവസരം മുതലെടുത്ത് ഗോള്‍ നേടിയത് യുവതാരം ഹൂലിയന്‍ ആല്‍വാരസ് ആയിരുന്നു. സ്കോര്‍ 2-0.ഇതിനു ശേഷം ഒരു അത്ഭുതം വേണ്ടിയിരുന്നു ഓസ്ട്രേലിയക്ക് കളിയിലേക്ക് തിരികെ വരാന്‍. 77ആം മിനുട്ടില്‍ അവരെ ഭാഗ്യം തുണച്ചു. ഗുഡ്വിന്റെ ഒരു ലോംഗ് റേഞ്ചര്‍ വലിയ ഡിഫ്ലക്ഷനോടെ എമിലിയാനോ മാര്‍ട്ടിനസിനെ കീഴ്പ്പെടുത്തി വലയില്‍ എത്തി. സ്കോര്‍ 2-1.

ഈ ഗോള്‍ നല്‍കിയ പ്രതീക്ഷയുമായി ഓസ്ട്രേലിയ പൊരുതാന്‍ തുടങ്ങി. അവര്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ അര്‍ജന്റീന സമ്മര്‍ദ്ദത്തില്‍ ആകാന്‍ തുടങ്ങി.

പിന്നെ ഫൈനല്‍ വിസിലിനായുള്ള കാത്തിരിപ്പ് ആയിരുന്നു‌. മൂന്നാം ഗോള്‍ നേടാന്‍ 89ആം മിനുട്ടില്‍ മെസ്സി ഒരു സുവര്‍ണ്ണാവസരം ലൗട്ടാരോ മാര്‍ട്ടിനസിന് ഒരുക്കി കൊടുത്തു എങ്കിലും ഇന്റര്‍ മിലാന്‍ സ്ട്രൈക്കറിന് ലക്ഷ്യം കാണാന്‍ ആയില്ല. 93ആം മിനുട്ടിലും ലൗട്ടാരോ മെസ്സിയുടെ പാസ് പാഴാക്കി കളഞ്ഞു.

97ആം മിനുട്ടിലെ എമിലിയാനോ മാര്‍ട്ടിനസിന്റെ ഒരു സേവോടെ വിജയം ഉറപ്പിക്കാന്‍ അര്‍ജന്റീനക്ക് ആയി.

ഇന്ന് അമേരിക്കയെ തോല്‍പ്പിച്ച നെതര്‍ലന്റ്സിനെ ആകും അര്‍ജന്റീന ക്വാര്‍ട്ടറില്‍ നേരിടുക. ഡിസംബര്‍ 9ന് ആകും മത്സരം.

spot_img

Related Articles

Latest news