യുദ്ധഭൂമിയിലെ മണ്ണിലടിഞ്ഞ റോസാപ്പൂക്കൾ

ഒരു സായാഹ്നത്തിൽ പതിവുപോലെ ഫുട്ബോൾ കളിക്കുന്നതിനിടയിൽ മേഖങ്ങളെ നോക്കി മറ്റെവിടെയോ മഴ പെയ്യുന്നുണ്ടെന്ന് എന്റെ സുഹൃത്ത് പറഞ്ഞിരുന്നു. ഒരു കാറ്റും ഞങ്ങളെ മുറിച്ചുകടന്ന് മറ്റെവിടേക്കോ പോയി. മണ്ണിന്റെ മണമായിരുന്നു ആ കാറ്റിന് .

അന്ന് അത് വെറുതെ കേട്ടത് മാത്രമേ ഉള്ളു എങ്കിലും തികച്ചും ആ ഒരു സന്ദർഭത്തിലൂടെ കടന്ന് പോയപ്പോഴാണ് ആ വാക്യത്തിൽ ഒളിഞ്ഞുകിടക്കുന്ന ഒരർത്ഥമുണ്ടെന്ന് മനസ്സിലാക്കുന്നത്. എല്ലാ തിങ്കളാഴ്ചയും മൂന്നാമത്തെ പീരിയഡ് ബയോകെമിസ്ട്രി ആണ്. മിസ്സ് ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പ് തലേന്ന് പഠിപ്പിച്ചത് ചോദിക്കും . അതുകൊണ്ട് തന്നെ എല്ലാവരും വെപ്രാളപ്പെട്ട് നോട്ട് വായിക്കുന്നുണ്ടായിരുന്നു.

പക്ഷെ അന്ന് മിസ്സ് ചോദ്യങ്ങൾ ചോദിച്ചില്ല. ക്ലാസ്സ് തുടങ്ങി പകുതി ആയപ്പോൾ ഒരു കഥ പറയാം എന്ന് പറഞ്ഞു. കഥ കേൾക്കാൻ ആർക്കാണ് താല്പര്യമില്ലാത്തത്! അപ്പോൾ പഠിപ്പിക്കുന്ന ചാപ്റ്റർ വരെ ഒരു കഥ കേൾക്കാനായി ആഗ്രഹിക്കുന്നുണ്ടാവണം. പുസ്തകങ്ങളിൽ മയങ്ങി കിടക്കുന്ന അക്ഷരങ്ങൾ പോലും കഥ കേൾക്കാനായി ഉണർന്നു. ചുറ്റിനും നിശബ്ദത പടർന്നു.

മിസ്സ് തലേന്ന് വായിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു കഥയുടെ സാരം. ഗാസയിലെ ഒരമ്മ എഴുതിയ പോസ്റ്റ് ആയിരുന്നു അത്.

ഒരു കുഞ്ഞിനായി അവർ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും. ഒടുവിൽ ദൈവം അവർക്കൊരു കുഞ്ഞിനെ നൽകിയതും. തുടർന്ന് പോരാളി എന്ന് അർത്ഥം വരുന്ന പേര് നൽകിയതും.. തനിക്ക് വിശക്കുന്നു എന്ന് ഏതാനും മാസങ്ങൾ പ്രായമുള്ള അവൾ അമ്മയുടെ വായിൽ കൈ വെച്ച് അറിയിച്ചതും. അവൾക്ക് ആദ്യമായി വാക്സിനേഷൻ എടുത്തപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കണ്ട് ആ അമ്മ കരഞ്ഞതെന്നിങ്ങനെ ഒട്ടനവധി വിവരണങ്ങളും അവളിലൂടെ ജനിച്ച ആ അമ്മ അനുഭവിച്ച അനുഗ്രഹങ്ങളും അത്ഭുതങ്ങളും നിറഞ്ഞ കഥയായിരുന്നു അത്.

യുദ്ധസമയത്ത് അവരുടെ താമസസ്ഥലം ഏത് സമയം വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്നവർ മനസ്സിലാക്കി.സുരക്ഷിതമായ സ്ഥലത്ത് തന്നെയും കുഞ്ഞിനേയും എത്തിക്കേണ്ടതുണ്ട്. അന്നവർ അവളെ മാലാഖയെ പോലെ അണിയിച്ചൊരുകി. ആ കുട്ടി മാലാഖയെ കൺചിമ്മാതെ നോക്കി അവളുടെ ഓമനമുഖം ആസ്വദിച്ച് അവർ അവിടെ
ഇരുന്നിരിക്കണം. ആ ശോഭയെ മതി വരാതെ നോക്കി മതിയാവോളം മുത്തം വെച്ചിട്ടുണ്ടാകണം.

ഒരു നിമിഷം അവർ അവിടെ നിന്ന് മാറിയപ്പോഴായിരുന്നു ആക്രമണം സംഭവിച്ചത്. തന്റെ മാലാഖ കുഞ്ഞിനെ ഉന്നം വെച്ച് വന്ന സ്ഫോടനം പോലെ. സ്വന്തം ചോര തന്റെ മുന്നിൽ ജീവന് വേണ്ടി പോരാടുന്നതും മരണത്തിന് കീഴടങ്ങുന്നതും നിസ്സഹായതയോടെ കണ്ട് നിൽക്കേണ്ടി വന്ന ഒരമ്മക്ക് മാനസികമായി സമനില തെറ്റിയില്ലെങ്കിൽ അത്ഭുതം. അവർ ആ ചൈതന്യം വറ്റിയ ശരീരത്തെ അവസാനമായി ഒന്ന് പുണർന്നു. പൊട്ടി കരഞ്ഞു.. അവൾ സ്വർഗ്ഗത്തിലെ മാലാഖയായി വാഴുമെന്നും… ആ പേര് പോലെ തന്നെയൊരു പോരാളി ആകുമെന്നും അവൾ ആരുടെയും മുന്നിൽ അവിടെ തോറ്റ് പോവില്ലെന്നും പറയുന്നതാണ് കഥയുടെ അവസാനഭാഗം.

മിസ്സ് നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് കൊണ്ട് അവർക്കായി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്യാത്ത അവിടത്തെ പുതു തലമുറയാണ് ഇല്ലാതാകുന്നത് . അനാഥർ, വിധവകൾ, വൃദ്ധർ, ഗർഭിണികൾ സ്വന്തത്തെ നഷ്ടപെട്ട് സ്വന്തം ജീവൻ വിറക്കുന്ന കയ്യിൽ ഒതുക്കി രക്ഷക്കായി രാപ്പകൽ കരഞ്ഞു പ്രാർത്ഥിക്കുന്നു. ഒരാളെ പോലും ബാക്കി വെക്കരുതെന്ന് ലക്ഷ്യം വെച്ച ആ യുദ്ധം നശിപ്പിച്ചത് 18,000 പാവപ്പെട്ട ജനങ്ങളെയാണ്. അതിൽ 6,000 ത്തോളം കുട്ടികളും.

ആ ക്ലാസ്മുറിയിൽ സ്നേഹത്തിന്റെ കാർമേഘം ഓരോരുത്തരുടേയും ഹൃദയത്തെ മൂടിയിരിക്കണം.. ആർക്കും സന്തോഷമില്ല.. ആരും സംസാരിക്കുന്നില്ല.. എങ്ങും നിശബ്ദത. ശെരിയാണ് മറ്റെവിടെയോ പേമാഴി ആയതുകൊണ്ടാണ്.

ഗാസയെന്ന യുദ്ധഭൂമിയിലെ നിലം പതിച്ച
റോസപ്പൂക്കൾ.. ചിലത് മൊട്ടുകളായിരുന്നു.. മറ്റു ചിലത് പാതി വിരിഞ്ഞവയായിരുന്നു. അവിടേക്ക് എത്തിയ കാറ്റിന് ചൂട് ചോരയുടെ മണവും.

ആർട്ടിക്കിൾ:- സന ഫാത്തിമ സക്കീർ

spot_img

Related Articles

Latest news